KeralaTRENDING

‘മഞ്ഞുമ്മ’ലിന് പിന്നാലെ ‘ആര്‍ഡിഎക്‌സ്’ നിര്‍മാതാക്കളും; ലാഭവിഹിതം നല്‍കാതെ വഞ്ചിച്ചെന്ന് പരാതി

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സിന് പിന്നാലെ ആര്‍.ഡി.എക്‌സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്നാണ് തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമിന്റെ പരാതി.

ആര്‍ഡിഎക്‌സ് സിനിമ നിര്‍മാതാക്കളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. സിനിമക്കായി 6 കോടി രൂപ നല്‍കിയെന്ന് പരാതിക്കാരി പറയുന്നു. 30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം. സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.

Signature-ad

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് ആര്‍ഡിഎക്‌സ്. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ക്കൊപ്പം ബാബു ആന്റണി, ലാല്‍, മഹിമ നമ്പ്യാര്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മാലാ പാര്‍വതി, ബൈജു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം മികച്ച വിജയമായിരുന്നു. ഒരു പള്ളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്നങ്ങളും അതേ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൊടിപാറുന്ന ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത്.

അതേസമയം, മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ ഇ.ഡിയുടെ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ മുടക്കിയയാള്‍ക്ക് പണം തിരികെ നല്‍കിയില്ലെന്ന പരാതിയിലാണ് അന്വേഷണം. നിര്‍മ്മാതാവ് ഷോണ്‍ ആന്റണിയെയും നടന്‍ സൗബിന്‍ ഷാഹിറിനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ സിനിമ നിര്‍മാതാക്കള്‍ക്കെതിരെ ഹൈക്കോടതിയില്‍ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

നിര്‍മാതാക്കള്‍ നടത്തിയത് മുന്‍ധാരണ പ്രകാരമുള്ള ചതിയെന്നാണ് റിപ്പോര്‍ട്ടില്‍ കാണിച്ചത്. ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു. 22 കോടി രൂപ സിനിമക്കായി ചെലവായെന്ന നിര്‍മാതാക്കളുടെ വാദം കള്ളമാണ്. 18.65 കോടി രൂപ മാത്രമാണ് നിര്‍മാണ ചെലവ്. സിനിമക്കായി നിര്‍മാതാക്കള്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നല്‍കിയിട്ടില്ല. ചതിക്കാന്‍ മുന്‍കൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനര്‍ത്ഥം എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നിര്‍മാതാക്കള്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍,ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെയാണ് മരട് പൊലീസ് കേസെടുത്തത്. സിനിമയ്ക്കായി ഏഴ് കോടി മുടക്കി ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പറ്റിച്ചെന്നാണ് കേസ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: