കണ്ണൂര്‍: പി ജയരാജനും മകനുമെതിരെ രൂക്ഷ ആരോപണവുമായി സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസ്. പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വേണ്ടിയാണ്. പി ജയരാജന്റെ മകന് സ്വര്‍ണം പൊട്ടിക്കലിന്റെ കോര്‍ഡിനേറ്ററാണ്. ഇയാളാണ് റെഡ് ആര്‍മിക്ക് പിന്നിലെന്നും മനു തോമസ് ആരോപിക്കുന്നു. ക്വട്ടേഷന്‍ സംഘങ്ങളുടെ വധഭീഷണിയുണ്ടെന്നും മനു തോമസ് മാധ്യമങ്ങളോടു പ്രതികരിച്ചു.
പി ജയരാജനുമായി വ്യക്തിപരമായി പ്രശ്നങ്ങളില്ല. എന്നാല്‍, താനുമായി ഒരു സംവാദത്തിന് ജയരാജന് ഇതുവരെ തയ്യാറായിട്ടില്ല. താന്‍ ഉന്നയിച്ച ചില കാര്യങ്ങളില്‍ പി ജയരാജന് അസഹിഷ്ണുത ഉണ്ടെന്നും ആരെയും പേടിച്ച് പറയേണ്ടത് പറയാതിരിക്കില്ലെന്നും മനു തോമസ് പറഞ്ഞു. ചിലരുടെ സംരക്ഷണം കിട്ടിയതിനാലാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ വളര്‍ന്നത്. ഇന്ന് ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടിക്ക് തന്നെ തലവേദനയായി. പാര്‍ട്ടി ഇത് തിരിച്ചറിഞ്ഞ് പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മനു പറഞ്ഞു. എന്നാല്‍ പാര്‍ട്ടി നടപടി ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം ഫാന്‍സിന് വേണ്ടിയാണ് പി ജയരാജന് ഫേസ്ബുക്ക് പോസ്റ്റിട്ടത്. പി ജയരാജന്റെ പ്രതികരണം പാര്‍ട്ടി തീരുമാനമല്ലെന്നും മനു തോമസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഘടനാതലത്തില്‍ ഒതുങ്ങേണ്ട വിഷയം നേതാക്കളുടെ ജാഗ്രതക്കുറവു കാരണം പിടിവിട്ടുപോയതില് പകച്ച് നില്‍ക്കുകയാണ് സിപിഎം. പാര്‍ട്ടിയില്‍നിന്നു സ്വയം പുറത്തുപോയ മുന്‍ ജില്ലാ കമ്മിറ്റി അംഗത്തോട് മുതിര്‍ന്ന സംസ്ഥാനസമിതി അംഗം ‘കോര്‍ക്കാന്‍’ പോയതാണ് സിപിഎമ്മില്‍ ചര്‍ച്ചയായിരിക്കുന്നത്. ജില്ലാ സെക്രട്ടറി എം.വി.ജയരാജന് വിശദീകരിച്ച വിഷയത്തില്‍ പി.ജയരാജന്റെ ഇടപെടല്‍ ഒഴിവാക്കേണ്ടതായിരുന്നെന്ന ചിന്തയാണു നേതാക്കളില്‍ പലര്‍ക്കും. തിരഞ്ഞെടുപ്പ് അവലോകനത്തിനുശേഷം തെറ്റുതിരുത്തല്‍ പ്രക്രിയയിലേക്കു പാര്‍ട്ടി കടക്കാനിരിക്കെ ഇത്തരം വിവാദങ്ങള്‍ ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണു നേതൃത്വം.