KeralaNEWS

പാളങ്ങളിൽ വീണ ചോരയും കണ്ണീരും: ‘രക്ഷകി’നു വേണ്ടി സമരം ചെയ്ത ഉത്തമനും ഒടുവിൽ പാളത്തിൽ തന്നെ പൊലിഞ്ഞു

   ട്രെയിനിൽ യാത്രചെയ്യുന്ന 10,000ങ്ങളുടെ ജീവന് ഒരു പോറൽ പോലും ഏൽക്കാതിരിക്കാൻ കൊടുംമഴയും കടുത്ത ചൂടും നേരിട്ട് പകലെന്നോ രാത്രിയെന്നോ വ്യത്യസ്തമില്ലാതെ പാളങ്ങളിൽ ജോലി ചെയ്യുന്നവരാണ് കീമാൻമാർ (ട്രാക്‌മാൻ). പക്ഷേ ഇവരുടെ ജീവന്  യാതൊരു സുരക്ഷയും അധികൃതർ കല്പിക്കുന്നില്ല. കഴിഞ്ഞ ദിവസം ഔദ്യോഗിക ജോലിക്കിടെ  ജീവൻ നഷ്ടപ്പെട്ട ഉത്തമൻ (54) എന്ന കീമാൻ തന്നെ ഉദാഹരണം. തൃശൂര്‍ ഒല്ലൂരില്‍ ഡ്യൂട്ടിക്കിടെ വേണാട് എക്സ്പ്രസ് ട്രെയിന്‍ തട്ടിയാണ് ഒല്ലൂർ ഗാങ് നമ്പർ 2ലെ കീമാൻ ഉത്തമന്‍  മരണപ്പെട്ടത്.

ഇത്തരത്തില്‍ തിരുവനന്തപുരം ഡിവിഷനിൽ  കഴിഞ്ഞ ഏതാനും വർഷത്തിനിടെ 50തോളം കീമാന്‍മാർ മരണപ്പെട്ടു. ഇന്ത്യയിൽ ഒരു വർഷം 300 കീമാൻമാർ ട്രെയിൻതട്ടി മരിച്ചതായി ഡോ. അനിൽ കക്കോദ്‌ക്കർ അധ്യക്ഷനായ സുരക്ഷാ സമിതി റിപ്പോർട്ട്‌ നൽകിയിരുന്നു.

Signature-ad

  ജീവന്‍ പണയം വെച്ചാണ് കീമാന്‍മാര്‍ പാളം പരിശോധിക്കാനിറങ്ങുന്നത്. ട്രാക്കിൽ ജോലിചെയ്യുമ്പോൾ ട്രെയിൻവരുന്നത്‌ അറിയാൻ നിലവിൽ സംവിധാനങ്ങളില്ല. അതിനാല്‍ ഇവർ അപകടത്തിൽപ്പെടുന്നത്‌ പതിവാണ്‌. പലപ്പോഴും ഗേറ്റിലുള്ളവര്‍ മൊബൈലില്‍ വിളിച്ചുപറഞ്ഞും മറ്റുമാണ് ട്രെയിന്‍ വരുന്നതറിഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നത്.

രാജ്യത്തെ 12,000 കിലോമീറ്ററോളം റെയിൽപ്പാളം പരിശോധിക്കാൻ 2 ലക്ഷത്തോളം കീമാൻമാരാണ് ഉള്ളത്. തിരുവനന്തപുരം ഡിവിഷന്‌ കീഴിൽ 500ല്‍ താഴെയും. സ്ത്രീകളും ഈ മേഖലയിലുണ്ട്‌. 8 മണിക്കൂർ ഡ്യൂട്ടിയിൽ 6 മുതൽ 16 കിലോമീറ്റർ വരെ കീമാന്മാർ നടന്ന്‌ പരിശോധിക്കണം. ഡബിൾ ലൈനാണെങ്കിൽ 7- 8 കിലോമീറ്റർ വരെയും. ഇതിനിടെ പിന്നിൽ നിന്നും ചീറിപ്പാഞ്ഞു വരുന്ന മരണത്തെ എപ്പോഴും പ്രതീക്ഷിച്ചു കൊണ്ടു വേണം പണിയെടുക്കാൻ. ട്രെയിന്‍ വരുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്ന റിസ്‌റ്റ്‌ വാച്ച്‌പോലുള്ള ‘രക്ഷക്’ ഉപകരണം കീമാന്‍മാര്‍ക്കെല്ലാം ലഭ്യമാക്കി സുരക്ഷ ഉറപ്പാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

‘രക്ഷക്’  നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിലെ മുന്നണി പോരാളിയായിട്ടും ഉത്തമനും അതായിരുന്നു വിധി എന്ന് കണ്ണീരോടെ സഹപ്രവർത്തകർ ഓർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: