KeralaNEWS

മദ്യപിച്ച കെഎസ്ആര്‍ടിസിക്കാരെ പിടികൂടാനെത്തി; ഊതിച്ചപ്പോള്‍ വനിതാ ജീവനക്കാരും പരിശോധിക്കാനെത്തിവരും ‘ഫിറ്റ്’!

എറണാകുളം: മദ്യപിച്ച് ജോലിക്കെത്തുന്ന ജീവനക്കാരെ പിടികൂടാന്‍ കെഎസ്ആര്‍ടിസി നടത്തിയ ബ്രത്ത് അനലൈസര്‍ ടെസ്റ്റിന് വിധേയരായവരെല്ലാം ‘ഫിറ്റ്’. കോതമംഗലം ഡിപ്പോയില്‍ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് വനിതാ ജീവനക്കാരുള്‍പ്പടെ മദ്യപിച്ചെന്ന റിസള്‍ട്ട് ലഭിച്ചത്. പരിശോധനയ്ക്ക് ഉപകരണവുമായി എത്തിയ സംഘം ഊതി നോക്കിയപ്പോഴും ഫലം പോസിറ്റീവ് തന്നെയായിരുന്നു .

പകുതിയോളം ജീവനക്കാരെ പരിശോധിച്ചതിനുശേഷമാണ് മെഷീന്‍ ഇങ്ങനെ മറിമായം കാണിച്ചുതുടങ്ങിയത്. സംശയംതോന്നി കൂടുതല്‍ പരിശോധന നടത്തിയതോടെയാണ് മെഷീന് തകരാണെന്ന് വ്യക്തമായത്. ഇതോടെ പരിശോധന ഉപേക്ഷിച്ച് സംഘം മടങ്ങുകയും ചെയ്തു. ഡിപ്പോയില്‍ ഇന്ന് ഡ്യൂട്ടിയിലുളള ആരും മദ്യപിച്ച് ജോലിക്കെത്തിയിരുന്നില്ല.

Signature-ad

മദ്യപിച്ച് ജോലിക്കെത്തുന്നവരുടെ എണ്ണം കൂടുന്നു എന്ന പരാതി വ്യാപകമായതോടെയാണ് ബ്രത്ത് അനലൈസര്‍ ടെസ്റ്റ് നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്. കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയുമാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നത്. ഡ്യൂട്ടിക്കെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും പരിശോധിച്ച് അവര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയിട്ട് മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കാവൂ എന്ന നിര്‍ദ്ദേശവും ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാര്‍ പുറപ്പെടുവിച്ചിരുന്നു. ടെസ്റ്റില്‍ പരാജയപ്പെട്ട നിരവധിപേര്‍ക്കെതിരെ ഇതിനകം ശിക്ഷണ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

രാവിലെ ഡ്യൂട്ടിക്കായി ഡിപ്പോയില്‍ എത്തുമ്പോള്‍ മാത്രമാണ് പരിശോധന ഉള്ളവിവരം ജീവനക്കാര്‍ അറിയുന്നത്. തലേദിവസം മദ്യപിച്ചിരുന്നാലും ടെസ്റ്റില്‍ പരാജയപ്പെടും. അതിനാല്‍ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ഡ്യൂട്ടിക്കെത്താത്തവരും ഡിപ്പോയില്‍ എത്തിയവര്‍ തന്നെ പരിശോധയ്ക്ക് വിധേയരാകാതെ കടന്നുകളയുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു.

തലസ്ഥാനത്തുള്‍പ്പടെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. ഡ്യൂട്ടിക്ക് നിയോഗിച്ച ജീവനക്കാര്‍ പരിശോധന പേടിച്ച് ഡ്യൂട്ടിക്ക് എത്താത്തത് കെഎസ്ആര്‍ടിസിക്ക് കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിനും ഇടയാക്കിയിരുന്നു.

പരിശോധന കടുപ്പിച്ചതോടെ ജീവനക്കാര്‍ക്കിടയിലെ മദ്യപാന ശീലം കുറഞ്ഞുവരുന്നതായും അപകടങ്ങള്‍ കുറഞ്ഞുവരുന്നതായും ഗതാഗത മന്ത്രി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

 

Back to top button
error: