കോട്ടയം: പാലാ കടപ്പാട്ടൂരുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പമ്പില്‍നിന്ന് അടിച്ച ഡീസലില്‍ വെള്ളം. പരാതിയില്‍ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ അടിയന്തര ഇടപെടലിനെത്തുടര്‍ന്ന് കാര്‍ ഉടമയ്ക്ക് 48 മണിക്കൂറിനുള്ളില്‍ നഷ്ടപരിഹാരവും മായം കണ്ടെത്തിയ പമ്പ് പൂട്ടിക്കാനും ഉത്തരവായി. പരിശോധനകള്‍ക്ക് ശേഷം പമ്പ് കഴിഞ്ഞ ദിവസമാണ് വീണ്ടും തുറന്നത്.
ഇടതു സഹയാത്രികനും സെന്റര്‍ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്റെ മാനേജിംഗ് ട്രസ്റ്റിയുമായ ജെയിംസ് വടക്കന്റെ മരുമകന്‍ ജിജു കുര്യന്റെ കാറിലാണ് ഡീസലില്‍ വെള്ളത്തിന്റെ അംശം കണ്ടെത്തിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ നിന്ന് മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്ന് ജെയിംസ് വടക്കന്‍ സുഹൃത്തും ബിജെപി നേതാവുമായ ശിവശങ്കരന്‍ വഴിയാണ് സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് വാട്സാപ്പില്‍ പരാതി അയച്ചത്.
കഴിഞ്ഞ 17നാണ് ജിജു കാറില്‍ കടപ്പാട്ടൂരെ പമ്പില്‍ നിന്നും 35 ലിറ്റര്‍ ഡീസല്‍ അടിച്ചത്. അടിച്ചപ്പോള്‍ തന്നെ വാണിംഗ് ലൈറ്റുകള്‍ തെളിഞ്ഞു ബീപ് ശബ്ദവും കേട്ടു. തുടര്‍ന്ന് കാര്‍ തകരാറായതിനെത്തുടര്‍ന്ന് ഹോണ്ടയുടെ വര്‍ക്ഷോപ്പില്‍ പരിശോധിച്ചപ്പോള്‍ ഡീസലിനൊപ്പം വെള്ളം കയറിയെന്ന് കണ്ടെത്തുകയായിരുന്നു.
വടക്കന്‍ ഐഒസി അധികാരികളെവിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടര്‍ന്നാണ് 22-ാം തീയതി സുരേഷ്ഗോപിക്ക് പരാതി നല്‍കിയത്. വിഷയം ഏറ്റെടുത്തിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കുമെന്നും സുരേഷ്ഗോപിയുടെ ഓഫീസില്‍നിന്നു മറുപടി ലഭിച്ചു. ഡീസല്‍ ഊറ്റിക്കളഞ്ഞ് ടാങ്ക് വൃത്തിയാക്കിയതുള്‍പ്പെടെ ചെലവായ 9894 രൂപ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ ജിജുവിന്റെ അക്കൗണ്ടിലേക്ക് ഐഒസി ഡീലര്‍ അയച്ചുകൊടുത്തു.