CrimeNEWS

പോലീസ് കസ്റ്റഡിയിലും അണിഞ്ഞൊരുങ്ങി പവിത്ര; വനിതാ എസ്.ഐയ്ക്ക് നോട്ടീസ്

ബംഗളൂരു: രേണുകാസ്വാമി വധക്കേസില്‍ കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ തൂഗുദീപയ്ക്കൊപ്പം അറസ്റ്റിലായ നടിയും സുഹൃത്തുമായ പവിത്ര ഗൗഡ കസ്റ്റഡിയില്‍ മേക്കപ്പിട്ട് നടന്നതില്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നോട്ടീസ്. ചുമതലയിലുണ്ടായിരുന്ന വനിതാ സബ് ഇന്‍സ്‌പെക്ടര്‍ക്കാണ് ബെംഗളൂരു വെസ്റ്റ് ഡിസിപി നോട്ടീസ് അയച്ചത്.

പവിത്രയെ ബംഗളൂരുവിലെ വസതിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ പവിത്ര ലിപ്സ്റ്റിക്കും മേക്കപ്പും ഉപയോഗിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും വ്യാപകമായി പ്രചരിക്കുകയും പൊലീസിനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തു.

Signature-ad

ദര്‍ശന്റെ ആരാധകനായ രേണുകസ്വാമിയുടെ കൊലപാതകത്തില്‍ യാതൊരു കൂസലുമില്ലാതെയുള്ള പവിത്ര ഗൗഡയുടെ പെരുമാറ്റവും കസ്റ്റഡിയിലെ മേക്കപ്പും ചര്‍ച്ചയായതോടെ, അനാസ്ഥ ചൂണ്ടിക്കാട്ടി ഡിസിപി ഓഫീസില്‍ നിന്ന് എസ്‌ഐക്ക് നോട്ടീസ് നല്‍കുകയും വിശദീകരണം തേടുകയുമായിരുന്നു. പവിത്രയ്ക്ക് മേക്കപ്പിടാന്‍ എസ്‌ഐ സൗകര്യം ചെയ്തുകൊടുത്തു എന്നാണ് കണ്ടെത്തല്‍.

”പവിത്ര എല്ലാ ദിവസവും രാത്രി അവരുടെ വീട്ടില്‍ തങ്ങാറുണ്ടായിരുന്നു. അവിടെ മേക്കപ്പ് ബാഗുമുണ്ടാവും. വനിതാ എസ്‌ഐ എല്ലാ ദിവസവും രാവിലെ അവിടെ പോയി പവിത്രയെ കൂട്ടി എ.പി നഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുമായിരുന്നു. പവിത്രയെ എസ്‌ഐ നിരീക്ഷിക്കുകയോ മേക്കപ്പ് ഇടുന്നതില്‍ നിന്ന് തടയുകയോ ചെയ്തില്ല. വീഴ്ചയുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാനാവശ്യപ്പെട്ട് എസ്‌ഐയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്”- ഡിസിപി ഗിരീഷ് പറഞ്ഞു.

രേണുകാസ്വാമി കൊലക്കേസില്‍ ഒന്നാം പ്രതിയാണ് പവിത്ര. കൊലപാതകത്തിന് ദര്‍ശനെ നിര്‍ബന്ധിച്ചത് പവിത്രയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മറ്റു പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് കൊലപാതകം നടത്തിയ നടന്‍ ദര്‍ശന്‍ തൂഗുദീപ രണ്ടാം പ്രതിയാണ്. രേണുകാസ്വാമിയെ പ്രതികള്‍ മര്‍ദനത്തിനിരയാക്കുമ്പോള്‍ പവിത്രയും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പവിത്രയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അശ്ലീല പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തതാണ് രേണുകാസ്വാമിയെ കൊലപ്പെടുത്താന്‍ ദര്‍ശനെയും നടിയെയും പ്രേരിപ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ യുവാവ് പോസ്റ്റ് ചെയ്ത പരാമര്‍ശങ്ങള്‍ പവിത്ര ദര്‍ശനെ കാണിക്കുകയും യുവാവിനെ വകവരുത്താന്‍ ഇയാളെ നിര്‍ബന്ധിക്കുകയുമായിരുന്നു. ദര്‍ശനും പവിത്രയുമടക്കം 17 പേരാണ് കൊലയില്‍ പങ്കാളികളായത്.

തുടര്‍ന്ന് ജൂണ്‍ എട്ടിന് ദര്‍ശനേര്‍പ്പെടുത്തിയ സംഘം രേണുകാസ്വാമിയെ ചിത്രദുര്‍ഗ എന്ന സ്ഥലത്ത് നിന്ന് നടനെ പരിചയപ്പെടുത്താമെന്ന് തെറ്റിദ്ധരിപ്പിച്ച് വണ്ടിയില്‍ കയറ്റി. ബെംഗളൂരുവില്‍ ആര്‍ആര്‍ നഗറിലെ ഒരു ഷെഡ്ഡിലെത്തിച്ച യുവാവിനെ കാണാന്‍ പിന്നീട് ദര്‍ശനും പവിത്രയുമെത്തി. തുടര്‍ന്നായിരുന്നു മര്‍ദനപരമ്പര. രേണുകാസ്വാമിയെ തല്ലിച്ചതയ്ക്കുന്നതിനും ഇലക്ട്രിക് ഷോക്കുകള്‍ നല്‍കുന്നതിനുമെല്ലാം ദര്‍ശനും പവിത്രയും നേതൃത്വം നല്‍കിയെന്ന് പൊലീസ് പറയുന്നു.

ശരീരത്തിലേറ്റ മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നതാണ് രേണുകാസ്വാമിയുടെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യുവാവിന്റെ ജനനേന്ദ്രിയം തകര്‍ന്ന നിലയിലായിരുന്നുവെന്നും ഒരു ചെവി നഷ്ടപ്പെട്ടിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

കൊലയ്ക്കായി 50 ലക്ഷം രൂപയാണ് പല ആളുകള്‍ക്കായി ദര്‍ശന്‍ നല്‍കിയത്. തട്ടിക്കൊണ്ടുപോവലിനും കൊലപാതകത്തിനും മൃതദേഹം അഴുക്കുചാലില്‍ തള്ളുന്നതിനുമൊക്കെ നേതൃത്വം നല്‍കിയ പ്രദോഷ് എന്ന പവന്‍ ആണ് ഇവരിലൊരാള്‍. ഇയാള്‍ക്ക് 30 ലക്ഷം രൂപയാണ് ദര്‍ശന്‍ നല്‍കിയത്. കുറ്റമേല്‍ക്കാന്‍ അഞ്ചു ലക്ഷം വീതം രാഘവേന്ദ്ര, കാര്‍ത്തിക്ക് എന്നിവര്‍ക്കും നല്‍കി.

ദര്‍ശനും പവിത്രയ്ക്കും പകരം ജയിലില്‍ പോവണമെന്നായിരുന്നു കരാര്‍. കൊലപാതകത്തില്‍ പിന്നീട് ഇരുവരും പൊലീസില്‍ കീഴടങ്ങി. എന്നാല്‍ ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ദര്‍ശന്റെയും പവിത്രയുടെയും പേര് വെളിപ്പെടുകയായിരുന്നു. തുടര്‍ന്നായിരുന്നു ഇരുവരുടെയും അറസ്റ്റ്. ദര്‍ശനും പവിത്രയുമുള്‍പ്പടെ 17 പേരെയാണ് രേണുകാസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: