ആലപ്പുഴ: വിവാഹവാഗ്ദാനം നല്‍കി പതിനാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകുകയും വീട്ടില്‍നിന്ന് അരലക്ഷംരൂപ കവരുകയുംചെയ്ത ബിഹാര്‍ സ്വദേശി അറസ്റ്റില്‍. വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാബഹുവന്‍ സ്വദേശി മെഹമ്മൂദ് മിയാനാ(38)ണു പിടിയിലായത്. അമ്പലപ്പുഴ ഇന്‍സ്പെക്ടര്‍ എം. പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്.
20-ന് ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് ഇയാള്‍ കുട്ടിയുമായി കടന്നത്. കുട്ടിയുടെ അമ്മ ചെമ്മീന്‍ഷെഡ്ഡില്‍ ജോലിക്കുപോയപ്പോഴാണ് പണവുമെടുത്ത് കുട്ടിയുമായി കടന്നത്. അമ്മ തിരിച്ചെത്തിയപ്പോഴാണ് വിവരമറിഞ്ഞതും പോലീസില്‍ പരാതി നല്‍കിയതും. കുട്ടിയുടെ കുടുംബം വാടകയ്ക്കുതാമസിക്കുന്ന വീടിന്റെ തൊട്ടടുത്ത കെട്ടിടത്തില്‍ ഇയാള്‍ മുന്‍പ് വാടകയ്ക്കുതാമസിച്ചിരുന്നു.
ഇയാള്‍ക്കൊപ്പം ജോലിചെയ്തവരെ ചോദ്യംചെയ്തപ്പോള്‍ ഫോണ്‍ നമ്പര്‍ കിട്ടി. തുടര്‍ന്ന് പ്രതി കുട്ടിയുമായി എറണാകുളത്തേക്കു പോയെന്നും അവിടെനിന്നു ബിഹാറിലേക്കു സഞ്ചരിക്കുന്നതായും വിവരം ലഭിച്ചു. സ്വിച്ച് ഓഫ് ചെയ്ത ഫോണ്‍ കൂട്ടുകാരെ വിളിക്കാന്‍ ഇയാള്‍ ഓണ്‍ ആക്കിയതോടെ പ്രതി എവിടെയെന്നു മനസ്സിലായി.
ഡിവൈ.എസ്.പി. കെ.ജി. അനീഷിന്റെയും എസ്.ഐ. ഷാഹുല്‍ ഹമീദിന്റെയും നേതൃത്വത്തിലുള്ള സംഘത്തെ ബിഹാറിലേക്കയച്ചു. മഹാരാഷ്ട്രയിലെ ബല്‍ഹര്‍ഷാ റെയില്‍വേസ്റ്റേഷനില്‍നിന്നു പ്രതിയെ പിടികൂടി. കുട്ടിയെ നാട്ടിലെത്തിച്ച് അമ്പലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയശേഷം അമ്മയ്‌ക്കൊപ്പം വിട്ടു. പ്രതിയെ റിമാന്‍ഡ് ചെയ്തു. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ് പ്രതിയെന്നു പോലീസ് പറഞ്ഞു. 20,000 രൂപ ഇയാളില്‍നിന്നു കണ്ടെടുത്തു.