CrimeNEWS

കളിയിക്കാവിള കഴുത്തറത്ത് കൊലപാതകം; കുപ്രസിദ്ധ ഗുണ്ട ‘ചൂഴാറ്റുകോട്ട അമ്പിളി’ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിളയിലെ ക്വാറി ഉടമയുടെ കൊലപാതകത്തില്‍ ഒരാള്‍ പൊലീസ് പിടിയില്‍. കുപ്രസിദ്ധ ഗുണ്ട മലയം സ്വദേശി അമ്പിളിയാണ് (ചൂഴാറ്റുകോട്ട അമ്പിളി) പിടിയിലായത്. തിരുവനന്തപുരത്തെ ഗുണ്ട മൊട്ട അനിയെ കൊലപ്പെടുത്തിയ കേസിലും അമ്പിളി പ്രതിയാണ്. മാര്‍ത്താണ്ഡം പൊലീസ് സ്റ്റേഷനിലാണ് അമ്പിളി ഇപ്പോഴുള്ളത്. തമിഴ്‌നാട് പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.

ജെ.സി.ബി വാങ്ങാന്‍ 10 ലക്ഷം രൂപയുമായി പൊള്ളാച്ചിയിലേക്കു സ്വന്തം കാറില്‍ പോയ ക്വാറി, ക്രഷര്‍ ഉടമയായ മലയിന്‍കീഴ് സ്വദേശി ദീപു(46)വിനെ കളിയിക്കാവിളയില്‍ കാറിനുള്ളില്‍ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന ദൃശ്യമാണ് പരിശോധനയില്‍ കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന പത്തു ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ദീപുവുമായി അടുപ്പമുള്ളയാളാണ് കാറില്‍ സഞ്ചരിച്ചതെന്ന് പൊലീസിനു തെളിവു ലഭിച്ചിരുന്നു. അടുപ്പക്കാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് അമ്പിളിയിലേക്കെത്തിയത്.

Signature-ad

തിങ്കള്‍ രാത്രി ഏഴരയോടെ വീട്ടില്‍നിന്നു പോയ ദീപുവിനെ കളിയിക്കാവിള പൊലീസ് സ്റ്റേഷനില്‍നിന്ന് 200 മീറ്റര്‍ മാറി കാര്‍ പാര്‍ക്ക് ചെയ്ത നിലയിലാണ് കണ്ടെത്തിയത്. സീറ്റ് ബെല്‍റ്റ് ധരിച്ച് ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്ന നിലയിലായിരുന്നു ദീപു. വാഹനം ഓഫ് ചെയ്തിരുന്നില്ല. ബോണറ്റ് പൊക്കിവച്ച്, ലൈറ്റ് ഓണ്‍ ചെയ്ത നിലയിലുള്ള വാഹനം കണ്ടാണ് പൊലീസിന്റെ പട്രോളിങ് സംഘം പരിശോധന നടത്തിയത്. അപ്പോഴാണ് കഴുത്തറുത്ത നിലയില്‍ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര മുതല്‍ കളിയിക്കാവിള വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.

പൊള്ളാച്ചിയിലും കോയമ്പത്തൂരിലും പോയി ജെ.സി.ബി വാങ്ങി വീടിനു സമീപത്തുളള ലെയ്ത്തില്‍ അറ്റകുറ്റപ്പണി നടത്തി മറിച്ചുവില്‍ക്കുന്ന ജോലിയും ദീപു ചെയ്തിരുന്നു. നെയ്യാറ്റിന്‍കരയില്‍നിന്നും തക്കലയില്‍നിന്നും ഓരോ ആളുകള്‍ യാത്രയില്‍ ഒപ്പമുണ്ടാകുമെന്നാണ് ദീപു വീട്ടില്‍ പറഞ്ഞിരുന്നത്. നെടുമങ്ങാട് സ്വദേശിയായ ആക്രി കച്ചവടക്കാരനുമായി സാമ്പത്തിക തര്‍ക്കമുള്ളതായും പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് കേസും നിലവിലുണ്ടായിരുന്നു. പണത്തിനായി ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മരിച്ച ദീപുവിന്റെ ഭാര്യ വിധുമോള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: