KeralaNEWS

മാവോയിസ്റ്റുകൾ വിഹരിക്കുന്ന മക്കിമലയില്‍ കുഴി ബോംബ്: തീവ്രവാദ വിരുദ്ധ സ്ക്വാഡ് വയനാട് മക്കിമലയിലേക്ക്

മാനന്തവാടി: കുഴി ബോംബ് കണ്ടെത്തിയ സംഭവത്തിൽ തലപ്പുഴ മക്കിമലയിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തും. കുഴിബോംബ് കണ്ടെത്തിയ സ്ഥലത്തും വനത്തിലും എ.ടി.എസ് പരിശോധന നടത്തും. എആർ ക്യാമ്പിൽ നിന്നുള്ള ബോംബ് സ്ക്വാഡ് പരിശോധിച്ചിരുന്നെങ്കിലും ബോംബ് നിർവീര്യമാക്കുന്നതുൾപ്പെടെ കൂടുതൽ സാങ്കേതിക പരിശോധന നടത്തേണ്ടതിനാലാണ് കോഴിക്കോട് സംഘമെത്തുന്നത്.

ഇന്നലെ ഉച്ചകഴിഞ്ഞാണ് തലപ്പുഴയിലെ വനം വകുപ്പ് ജീവനക്കാർ കാട്ടാനക്കായി സ്ഥാപിച്ച ഫെൻസിംങ്ങിൻ്റെ സമീപം കുഴിച്ചിട്ട നിലയിൽ സ്ഫോടകവസ്‌തുക്കൾ കണ്ടത്. മക്കിമലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള കൊടക്കാട് വനമേഖലയിലാണ് ബോംബ് കണ്ടെത്തിയത്. വനംവകുപ്പ് വാച്ചര്‍മാര്‍ വന്യമൃഗശല്യം തടയാന്‍ സ്ഥാപിച്ച വൈദ്യുതി കമ്പിവേലി പരിശോധിക്കുന്നതിനിടെയാണ് നീളമുള്ള കേബിള്‍ വയര്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കുഴിച്ച് നോക്കുന്നതിനിടയില്‍ ഫ്യൂസും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തിയത്.

Signature-ad

തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ നിർമ്മിച്ചതാണെന്ന് ഉപകരണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാവോവാദി വേട്ടയ്ക്കായി തണ്ടര്‍ബോള്‍ട്ട് സ്ഥിരമായി സഞ്ചരിക്കുന്ന പാതയിലാണ് ഇവ കണ്ടെത്തിയത്. കൂടുതല്‍ ബോംബ് ഉള്‍പ്പെടെയുള്ള അനുബന്ധ സാധനങ്ങള്‍ ഉണ്ടെന്ന സംശയത്തിനാല്‍ വനം വകുപ്പ് പൊലീസിൻ്റെ ബോംബ് സ്വാ ക്വാഡിന്റെ സഹായം തേടി. വിവരമറിഞ്ഞ് മാനന്തവാടി ഡിവൈ.എസ്.പി പി ബിജുരാജിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി.

തണ്ടര്‍ബോള്‍ട്ട് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 2012ല്‍ കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം വയനാട്ടിലാണ് ആദ്യം സ്ഥിരീകരിച്ചത്. എന്നാല്‍ ഇത്തരത്തില്‍ ബോംബ് കുഴിച്ചിട്ടത് കണ്ടെത്തുന്നത് ആദ്യമാണ്.

ഇന്ത്യയില്‍ ഛത്തിസ്ഗഢ്, ജാര്‍ഗണ്ഡ്, തെലുങ്കാന, ആന്ധ്ര എന്നിവിടങ്ങിലങ്ങില്‍ മാത്രമാണ് ഇത്തരത്തിൽ ആക്രമണത്തിന് കുഴിബോംബ് ഉപയോഗിച്ചിരുന്നത്.. കേരളത്തില്‍ കുഴിബോംബ് കണ്ടെത്തിയ പശ്ചാത്തലത്തിൽ സംസ്ഥാന പോലീസും, ആഭ്യന്തരവകുപ്പും അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വരും ദിവസങ്ങളില്‍ പ്രദേശത്ത് കൂടുതല്‍ പരിശോധന നടന്നേക്കും. അതേ സമയം പ്രതികൂല കാലാവസ്ഥ പരിശോധനകളെ ബാധിച്ചേക്കുമെന്ന ആശങ്കയുണ്ട്.

Back to top button
error: