തിരുവനന്തപുരം: ഒ.ആര്‍.കേളുവിന്‍െ്‌റ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പരസ്പരം മുഖത്തു നോക്കാന്‍ കൂട്ടാക്കാതെ മുഖ്യമന്ത്രിയും ഗവര്‍ണറും. മുഖ്യമന്ത്രിയും ഗവര്‍ണറും ഒരുമിച്ചാണു ഹാളിലേക്കു വന്നതെങ്കിലും സൗഹൃദഭാവം ഇരുവര്‍ക്കുമില്ലായിരുന്നു. വേദിയില്‍ ഇരിക്കുമ്പോഴും പരസ്പരം മുഖം കൊടുത്തില്ല. എന്നാല്‍, ചായസല്‍ക്കാരത്തിനുള്ള ഗവര്‍ണറുടെ ക്ഷണം മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചു. ചായസല്‍ക്കാരത്തിനിടെ ഹസ്തദാനം ചെയ്തതില്‍ ഒതുങ്ങി ഇരുവരും തമ്മിലുള്ള ആശയവിനിമയം.
അതേസമയം, കഴിഞ്ഞ രണ്ടു സത്യപ്രതിജ്ഞച്ചടങ്ങും ബഹിഷ്‌കരിച്ച രീതി ഒഴിവാക്കി പ്രതിപക്ഷം. മന്ത്രി സജി ചെറിയാന്‍ രണ്ടാമതു സ്ഥാനമേറ്റപ്പോഴും കെ.ബി.ഗണേഷ്‌കുമാറും കടന്നപ്പള്ളിയും മന്ത്രിമാരായപ്പോഴും രാജ്ഭവനിലെ സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍, കേളുവിന്റെ സത്യപ്രതിജ്ഞയ്ക്കു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും നേരത്തേ തന്നെ എത്തി.
‘കേളുവേട്ട’ന്റെ സത്യപ്രതിജ്ഞച്ചടങ്ങ് വയനാട്ടുകാര്‍ ആഘോഷമാക്കുകയായിരുന്നു. വയനാടിനെ പ്രതിനിധീകരിച്ചെത്തിയവരില്‍ കര്‍ഷകത്തൊഴിലാളികളും ജനപ്രതിനിധികളും മുതല്‍ കലക്ടര്‍ രേണുരാജ് വരെയുണ്ടായിരുന്നു. രാജ്ഭവനിലെ ഹാളില്‍ ഉള്‍ക്കൊള്ളാനാവുക പരമാവധി 150 പേരെയാണ്. അതിഥികളുടെ തിരക്കു പ്രതീക്ഷിച്ചു പുറത്തു താല്‍ക്കാലിക പന്തല്‍ കെട്ടിയിരുന്നു. ഹാളിനു വെളിയിലായിപ്പോയ സ്വന്തം നാട്ടുകാരുടെ ക്ഷേമം തിരക്കാന്‍ നിയുക്ത മന്ത്രി പന്തലിലെത്തി. അദ്ദേഹത്തിന്റെ തന്നെ നിര്‍ദേശപ്രകാരം കൂടുതല്‍ കസേരകള്‍ ഹാളിലെത്തിച്ചു കുറച്ചുപേര്‍ക്കുകൂടി ഇരിപ്പിടമൊരുക്കി. അച്ഛന്‍ രാമനും ഭാര്യ ശാന്തയും മക്കളായ ഭാവനയും മിഥുനയും സഹോദരങ്ങളുമടങ്ങുന്ന കുടുംബാംഗങ്ങള്‍ ഹാളിലുണ്ടായിരുന്നു.