MovieNEWS

ബോക്‌സ് ഓഫീസ് ദുരന്തമായി ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’; 250 കോടിയുടെ ബാധ്യത വീട്ടാന്‍ നിര്‍മാതാവ് ഓഫീസ് വിറ്റു

മീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ പരാജയ ചിത്രങ്ങളിലൊന്നായിരുന്നു ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’. അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ്, പൃഥ്വിരാജ് എന്നിവരായിരുന്നു മുഖ്യവേഷങ്ങളില്‍. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവായ വാഷു ഭഗ്‌നാനിയുടെ ഉടമസ്ഥതയിലുള്ള പൂജ എന്റര്‍ടെയ്ന്‍മെന്റ് ആയിരുന്നു. ചിത്രത്തിന്റെ വമ്പന്‍ പരാജയത്തോടെ നിര്‍മാതാവ് കടം വീട്ടാന്‍ തന്റെ ഓഫീസ് വിറ്റെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

350 കോടി രൂപയാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്റെ ബഡ്ജറ്റ്. ചിത്രം ബോക്‌സോഫീസില്‍ നിന്ന് നേടിയതാകട്ടെ വെറും 59.17 കോടി രൂപയും. ഏറ്റവും കൗതുകകരമായ കാര്യം എന്താണെന്നുവെച്ചാല്‍ ചിത്രത്തിലെ നായകന്മാരായ അക്ഷയ് കുമാറിന്റെയും ടൈഗര്‍ ഷ്‌റോഫിന്റെയും മാത്രം പ്രതിഫലത്തിന്റെ അത്രയുമില്ല ചിത്രം ആകെ കളക്റ്റ് ചെയ്തത് എന്നതാണ്. ചിത്രത്തിനായി അക്ഷയ് കുമാര്‍ 100 കോടിയും ടൈഗര്‍ ഷ്‌റോഫ് 40 കോടിയുമാണ് പ്രതിഫലം വാങ്ങിയത്.

Signature-ad

ചിത്രം കാരണം സംഭവിച്ച 250 കോടി രൂപയുടെ കടം വീട്ടാനായി വഷു ഭഗ്‌നാനി തന്റെ മുംബൈയിലെ ഓഫീസ് വിറ്റതായാണ് സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാമ്പത്തിക നഷ്ടത്തില്‍ നിന്ന് കരകയറാന്‍ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് അടക്കമുള്ള നടപടികള്‍ ഈ പ്രൊഡക്ഷന്‍ ഹൗസ് സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഏകദേശം 80 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

അതിനിടെ, പൂജ എന്റര്‍ടെയ്ന്‍മെന്റിന്റെ ഭാഗമായ രുചിത കാംബ്ലെ കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ജാക്കിയുടെയും പിതാവ് വാഷു ഭഗ്‌നാനിയുടെയും ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ഹൗസില്‍ പ്രവര്‍ത്തിക്കരുതെന്ന് അവര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ആവശ്യപ്പെട്ടു. ഒട്ടും പ്രഫഷണല്‍ അല്ലാത്ത രീതിയിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് രുചിത കുറ്റപ്പെടുത്തി. ശമ്പളം ലഭിക്കാന്‍ പാടുപെടുകയാണെന്നും പ്രതിഫലം വൈകുന്നതില്‍ നിരാശ പ്രകടിപ്പിച്ച് ഇട്ട പോസ്റ്റില്‍ അവര്‍ പറഞ്ഞു.

നിര്‍മാതാക്കള്‍ക്ക് എല്ലാ മാസവും ബിസിനസ് ക്ലാസില്‍ വിദേശയാത്ര പോകാം. അവധിയാഘോഷിക്കാം. ആഡംബര കാറുകള്‍ വാങ്ങുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യാം.സിനിമ നിര്‍മിച്ച് റിലീസ് ചെയ്ത് പണം വാരാം. പക്ഷേ പണിയെടുത്ത കൂലി ചോദിക്കുമ്പോള്‍ പറയുന്നത് ഫണ്ട് പ്രശ്‌നം ഉണ്ടെന്നാണ്. ഇത് ശരിയായ നടപടിയല്ലെന്ന് പറയുന്ന മറ്റൊരു സ്‌ക്രീന്‍ ഷോട്ടും രുചിത പങ്കുവെച്ചിട്ടുണ്ട്.

‘ബഡേ മിയാ’ന് മുന്‍പ് ടൈഗര്‍ ഷ്‌റോഫിനെ നായകനാക്കി പൂജ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിച്ച ഗണ്‍പതും പരാജയമായിരുന്നു. 200 കോടിയോളം മുടക്കിയെടുത്ത ചിത്രം ബോക്‌സോഫീസില്‍ തകര്‍ന്നടിയുകയായിരുന്നു.

1986-ല്‍ ആരംഭിച്ച പൂജാ എന്റര്‍ടെയ്ന്‍മെന്റ് ഇതുവരെ 40-ഓളം ചിത്രങ്ങള്‍ നിര്‍മിച്ചു. ഡേവിഡ് ധവാന്‍ സംവിധാനം ചെയ്ത കൂലി നമ്പര്‍ 1, ഹീറോ നമ്പര്‍ 1, ബീവി നമ്പര്‍ 1, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍, രഹ്നാ ഹേ തേരേ ദില്‍ മേ, ഓം ജയ് ജഗദീഷ് എന്നിവയുള്‍പ്പെടെയുള്ള നിരവധി ചിത്രങ്ങള്‍ കമ്പനി പുറത്തിറക്കി. ശ്രദ്ധേയമായ നിരവധി വിജയ ചിത്രങ്ങളും കമ്പനി നിര്‍മ്മിച്ചു. എന്നാല്‍, സമീപകാലത്ത് തുടര്‍ച്ചയായ തിരിച്ചടികളാണ് കമ്പനി നേരിട്ടത്.

 

 

 

 

Back to top button
error: