KeralaNEWS

മുഖ്യമന്ത്രി മുണ്ടുടുത്ത മോദി; വിമര്‍ശനവുമായി ചന്ദ്രിക

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ചന്ദ്രിക ദിനപത്രം. മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്ത്രങ്ങളുടെ കോപ്പി പേസ്റ്റുമായാണ് മുണ്ടുടുത്ത മോദിയുടെ പുറപ്പാടെന്നാണ് വിമര്‍ശനം. പിണറായി വിജയനെ ലക്ഷ്യംവച്ചാണ് സിപിഎം നേതൃയോഗങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതെന്നും സ്വന്തം മുഖം വികൃതമായത് മനസിലാകാതെ മറ്റ് പാര്‍ട്ടികളുടെ മുഖം വികൃതമാണെന്ന് വിളിച്ചുപറയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

മുഖപ്രസംഗത്തിലെ വിമര്‍ശനം

Signature-ad

മുസ്ലീം ലീഗിനെ ഒപ്പം നിര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍ അമ്പേ പരാജയപ്പെട്ടു. ഒരു വിഭാഗത്തിന്റെ പിന്തുണക്കായി സമുദായ പത്രത്തില്‍ അശ്ലീല പരസ്യം നല്‍കിയിട്ടും കാര്യമുണ്ടായില്ലെന്നും ഭരണപരമായ പോരായ്മയാണ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് മുഖ്യമന്ത്രിയും പിആര്‍ ടീമും മാത്രം തിരിച്ചറിഞ്ഞിട്ടില്ല. പ്രശ്‌നങ്ങള്‍ കാണിക്കുന്ന കണ്ണാടി കുത്തി പൊട്ടിക്കുന്നതാണ് ഹീറോയിസം എന്നാണ് ധാരണ. ഇതിലും വലിയ അടി കിട്ടുമെന്ന് കരുതിയാണ് ഇപ്പോള്‍ വാര്‍ഡുകള്‍ വെട്ടിക്കീറുന്നത്.

വീണ്ടും തോറ്റാല്‍ സിപിഎമ്മിനെ കാണാന്‍ മ്യൂസിയത്തില്‍ തിരയേണ്ടി വരുമെന്ന് നേതാക്കള്‍ പോലും പറയുന്നു.സിപിഎമ്മിലെ ഈഴവ വോട്ടുകള്‍ സംഘപരിവാരത്തിലേക്ക് ഹോള്‍സെയിലായി എത്തിക്കുന്ന പാലമാണ് വെള്ളാപ്പള്ളി. നവോത്ഥാന മതില്‍ കെട്ടാന്‍ കരാര്‍ നല്‍കിയ പിണറായിയും പാര്‍ട്ടിയും ഇപ്പോഴും ഇത് തിരിച്ചറിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയിലേക്ക് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ന്യായീകരണം ചമയ്ക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പാടുപ്പെട്ടു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പോടെ മുസ്ലിം ലീഗിന്റെ മുഖം മാറുകയാണെന്നും, തിരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ നേടിയെങ്കിലും യുഡിഎഫിന് അഭിമാനിക്കാന്‍ വകയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോഴിക്കോട്ട് കടപ്പുറത്ത് എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പോടെ മുസ്ലിം ലീഗിന്റെ മുഖം നഷ്ടപ്പെടുകയല്ലേയെന്ന് അവര്‍ ചിന്തിക്കണം. ലീഗിന്റെ മുഖം ജമാഅത്തെ ഇസ്ലാമിയുടേതും എസ്ഡിപിഐയുടെയും മുഖമായി മാറിയാല്‍ എങ്ങനെയിരിക്കും. എന്താണ് ജമാ അത്തെ ഇസ്ലാമിയെന്നും എസ്ഡിപിഐയെന്നും അറിയാത്തവരല്ല കോണ്‍ഗ്രസ്. നാല് വോട്ടിന് വേണ്ടി കൂട്ടുകൂടാന്‍ പാടില്ലാത്തവരെ കൂട്ടി. ഇടതുപക്ഷത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. ജനങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്തത് എല്‍ഡിഎഫിനെതിരായ വികാരം കൊണ്ടല്ല. ലോക്‌സഭ തിരഞ്ഞെടുപ്പിലെ പ്രത്യേക സാഹചര്യമാണ്.

രാജ്യത്ത് ആകെയുള്ള ഇടതുപക്ഷ സര്‍ക്കാറിനെ തകര്‍ക്കാന്‍ ശ്രമിച്ചു. കേരളത്തിലെത്തുമ്പോള്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ സമരസവും സമവായവും ഉണ്ടാവുന്നു. നാടിന്റെ ക്ഷേമമാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. നാല് വോട്ട് ഇങ്ങ് പോരട്ടെ എന്നല്ല .കേരളത്തില്‍ ബിജെപി സ്ഥിരമായി കിട്ടുന്ന വോട്ടിനപ്പുറം പിന്തുണ നേടി. ബിജെപിയെ പിന്തുണച്ചവര്‍ ഇനിയെങ്കിലും ചെയ്തത് ശരിയായോയെന്ന് ചിന്തിക്കണം.

കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടലിലൂടെ ചിലരെ സ്വാധീനിച്ചു. ബിജെപിയിലെയും ഭരണ തലത്തിലെയും ഉന്നതര്‍ ഇത്തരം ചില വിഭാഗങ്ങളുടെ മേധാവികളുമായി ചര്‍ച്ച ചെയ്തത് രഹസ്യമല്ല. ബിജെപിയെ പിന്തുണച്ചവരോട് ശത്രുതയില്ല, അവര്‍ തിരുത്തണം. തിരഞ്ഞെടുപ്പില്‍ പ്രാദേശിക കക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെട്ടതാണ് ബിജെപിയെ പിറകോട്ടടിച്ചത്. പരാജയപ്പെടുത്താനാവാത്ത കക്ഷിയല്ല ബിജെപിയെന്ന് തെളിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

 

Back to top button
error: