ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൗമാരക്കാരായ ആണ്‍കുട്ടികള്‍ കൂട്ടബലാത്സംഗം ചെയ്തു. തുടര്‍ന്ന് ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു. സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റിലായി. ഭദോഹി ജില്ലയിലെ ഗോപിഗഞ്ചിലാണ് സംഭവം.
15നും 17നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ജൂണ്‍ ഒന്നിന്, വീടിനടുത്തുള്ള കടയിലേക്ക് സാധനം വാങ്ങാന്‍ പോയപ്പോള്‍ മൂന്ന് ആണ്‍കുട്ടികള്‍ വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് ഗോപിഗഞ്ച് എസ്എച്ച്ഒ സന്തോഷ് കുമാര്‍ സിങ് പറഞ്ഞു.
പീഡനദൃശ്യങ്ങള്‍ ഇവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും ഭീഷണിപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. വീണ്ടും കടയില്‍ വരാനാവശ്യപ്പെട്ട് പ്രതികള്‍ ശല്യപ്പെടുത്തിയെങ്കിലും പെണ്‍കുട്ടി സമ്മതിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ വ്യാഴാഴ്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതായും എസ്എച്ച്ഒ പറഞ്ഞു.
ഇതറിഞ്ഞതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയും ചെയ്തു.
വെള്ളിയാഴ്ച പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും പ്രതികളായ ആണ്‍കുട്ടികളെ മിര്‍സാപൂര്‍ ജില്ലയിലെ ജുവനൈല്‍ ഹോമിലേക്ക് അയച്ചതായും പൊലീസ് ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു.