തിരുവനന്തപുരം: ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. നെടുമങ്ങാട് മഞ്ച സ്വദേശി സുനില്‍കുമാറി(55)നെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മകളുടെ ഭര്‍ത്താവായ തേക്കട ചീരാണിക്കര അഭിലാഷ് ഭവനത്തില്‍ അഭിലാഷ് (41) ആണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്.
തന്റെ ഗ്യാസ് സിലിണ്ടര്‍ എടുത്തു വിറ്റുവെന്നാരോപിച്ച് ഇക്കഴിഞ്ഞ പത്താം തീയതി വൈകുന്നേരം മഞ്ചയിലെ വീട്ടില്‍ വെച്ച് സുനില്‍കുമാറുമായി അഭിലാഷ് വഴക്കുണ്ടാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഉണ്ടായ ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ സുനില്‍കുമാറിനൊപ്പം മരുമകനായ പ്രതിയും ആശുപത്രിയില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് സുനില്‍കുമാര്‍ മരിച്ചത്. തുടര്‍ന്ന് നെടുമങ്ങാട് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് അഭിലാഷിന്റെ പങ്ക് വെളിവായത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്റെ മേല്‍നോട്ടത്തില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണകാരണം മര്‍ദ്ദനത്തിലേറ്റ പരിക്കുകളാണെന്ന് വ്യക്തമായിരുന്നു. തറയിലിട്ട് ക്രൂരമായി നെഞ്ചത്തും പുറത്തും ചവിട്ടിയതിനെ തുടര്‍ന്ന് സുനില്‍കുമാറിന്റെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് മറ്റാര്‍ക്കും സംശയം തോന്നാത്ത തരത്തില്‍ വളരെ സ്വാഭാവികമായിട്ടായിരുന്നു അഭിലാഷിന്റെ പെരുമാറ്റം. വിശദമായ അന്വേഷണത്തില്‍ മരണം കൊലപാതകം തന്നെയെന്ന് തെളിഞ്ഞു.
നെടുമങ്ങാട് ഡിവൈഎസ്പി: ബി ഗോപകുമാറിന്റെ മേല്‍നോട്ടത്തില്‍ നെടുമങ്ങാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനീഷ് ബി, എസ് ഐ: രവീന്ദ്രന്‍, എസ് ഐ: രജിത്ത് എസ് സിപിഒമാരായ ബിജു സി, ദീപ എന്നിവര്‍ അടങ്ങിയ അന്വേഷണസംഘമാണ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കേസിന്റെ ചുരുളഴിച്ച് പ്രതിയെ പിടികൂടിയത്.