IndiaNEWS

വ്യാജമദ്യം കഴിച്ച് 9 പേർ മരിച്ചു, 40 പേര്‍ ചികിത്സ തേടി ആശുപത്രികളിൽ; തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലാണ് സംഭവം

    തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച 9 പേർ മരിച്ചു. അബോധാവസ്ഥയിലായ 12 പേർ കള്ളക്കുറിച്ചി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കള്ളക്കുറിച്ചി മെഡിക്കൽ കോളജ്, പുതുച്ചേരി ജിപ്മെർ എന്നീ ആശുപത്രികളിലായി 40 പേർ ചികിത്സയിലാണ്. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണു വിവരം.

കരുണാകുളത്തു നിന്നാണ് ഇവർ മദ്യം കഴിച്ചതെന്നാണു വിവരം.
തമിഴ്നാട് ആരോഗ്യമന്ത്രി മാ.സുബ്രഹ്മണ്യൻ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.  വ്യാജമദ്യം വിറ്റ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

Signature-ad

ഇന്നലെ രാത്രി കരുണാപുരത്തെ വ്യാജ മദ്യ വില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കുടിച്ചവരാണ് ദുരന്തത്തിനിരയായത്. വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ ഇവര്‍ക്ക് തലവേദനയും ഛര്‍ദിയും വയറുവേദനയും മറ്റും അനുഭവപ്പെടുകയായിരുന്നു. ഇവരെ കുടുംബം ഉടന്‍ കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലും എത്തിച്ചു. എന്നാല്‍ വ്യാജമദ്യമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ പറഞ്ഞു. മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും പരിശോധന പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസും  അറിയിച്ചു.

അതിനിടെ ഡിഎംകെ ഗവണ്‍മെന്റിനേയും എംകെ സ്റ്റാലിനേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ബിജെപി തമിഴ്‌നാട് പ്രസിഡൻ്റ് കെ അണ്ണാമലൈ രംഗത്തെത്തി. വ്യാജമദ്യമുണ്ടാക്കുന്നവരുമായി ഡിഎംകെ മന്ത്രി മസ്താന് അടുത്ത ബന്ധമുണ്ടെന്ന് അണ്ണാമലൈ ആരോപിച്ചു. വ്യാജ മദ്യം നിര്‍മിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാത്തതാണ് ഇത്തരം ദുരന്തത്തിന് കാരണമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Back to top button
error: