പ്രമാദമായ നിരവധി അബ്കാരി കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന അധോലോക മദ്യരാജാവും ഇടുക്കി ജില്ലയിലെ സ്പിരിറ്റ് മാഫിയ തലവനുമായ മൂന്നാർ നെയ്മക്കാട് സ്വദേശി പ്രഭാകരൻ അറസ്റ്റിൽ. പുലർച്ചെ കോയമ്പത്തൂരിലെ വാസസ്ഥലം വളഞ്ഞ് സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ രാജ്കുമാർ ബി.യുടെ നേതൃത്വത്തിലുള്ള ടീം ആണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ. ജയചന്ദ്രൻ്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു അറസ്റ്റ്.
ഒട്ടേറെ അബ്കാരി കേസ്സുകളിൽ പ്രതിയായ പ്രഭാകരൻ പല തവണയായി കോടതി വാറൻ്റിൽ നിന്ന് മുങ്ങി നടക്കുകയായിരുന്നു. ദേവികുളം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിരവധി കേസ്സുകളിലെ പ്രതിയാണ് ഇയാൾ. 825 ലിറ്റർ വ്യാജ സ്‌പിരിറ്റ് സൂക്ഷിച്ചതിന് 3 വർഷം തടവിനും ഒരുലക്ഷം രൂപ പിഴയടക്കുന്നതിനും പ്രഭാകരനെ കോടതി ശിക്ഷിച്ചിരുന്നു. മാത്രമല്ല പ്രഭാകരൻ പ്രതിയായിട്ടുള്ള മറ്റ് 3 അബ്‌കാരി കേസ്സുകളിൽ കോടതിയിൽ വിചാരണ നടക്കുകയുമാണ്. 600 ലീറ്റർ സ്‌പിരിറ്റും 60 ലിറ്റർ വ്യാജമദ്യവും സൂക്ഷിച്ച് വച്ചിരുന്നതാണ് ഒരു കേസ്. മറ്റൊരു കേസ് 50 ലിറ്റർ സ്‌പിരിറ്റ് നേർപ്പിച്ച് കളർ ചേർത്ത് വ്യാജ വിദേശമദ്യമാക്കി വില്പനയ്ക്കു സൂക്ഷിച്ചിരുന്നു എന്നതാണ്. 1500 ലിറ്റർ സ്പിരിറ്റും 5 കിലോഗ്രാം കരാമലും സൂക്ഷിച്ചിരുന്നതും കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇടുക്കി ജില്ലയിലെ നിരവധി സ്പിരിറ്റ് കേസുകളിൽ പെട്ട് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു പ്രതി. ഇടുക്കി ഡിസി സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ കോയമ്പത്തൂരിലെ വാസസ്ഥലത്തു നിന്ന് കണ്ടെത്തിയത്. തുടർ നടപടികൾക്കായി പ്രതിയെ മൂന്നാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് കൈമാറി.