മുഖ്യമന്ത്രിക്കെതിരായ കോൺഗ്രസ് എം പി കെ സുധാകരന്റെ പരാമർശം അപലപനീയമെന്നു സിപിഐ എം. പരാമർശത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. കേരളം കടന്നുവന്ന വഴികളെ കുറിച്ചുള്ള ബോധക്കുറവിൽ നിന്നാകും സുധാകരൻ സംസാരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. നാട് ഒരുപാട് മുന്നോട്ട് പോയി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധികാരത്തിൽ വന്നാൽ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിയമനിർമാണം നടത്തുമെന്ന യുഡിഎഫ് നിലപാട് ജനങ്ങളെ കബളിപ്പിക്കലാണെന്ന് വിജയരാഘവൻ അഭിപ്രായപ്പെട്ടു. കോൺഗ്രസും ബിജെപിയും സംസ്ഥാന സർക്കാരിനെതിരെ അപവാദ പ്രചരണങ്ങൾ നടത്തുകയാണ്. ഈ രണ്ടു കൂട്ടരുടെയും ലക്ഷ്യം വർഗീയതയാണ്.
സിപിഐഎമ്മിൽ ഇതുവരെ സ്ഥാനാർഥി ചർച്ചകൾ ആരംഭിച്ചിട്ടില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെയും കേന്ദ്രമന്ത്രി വി മുരളീധരന്റെയും പ്രസംഗത്തിന്റെ വലിയ രൂപമാണ് ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ പ്രസംഗമെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.