KeralaNEWS

”ഇന്ദിരാ ഗാന്ധി രാഷ്ട്ര മാതാവ് എന്ന് പറഞ്ഞിട്ടില്ല; ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പറഞ്ഞത് ഇതാണ്”

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെക്കുറിച്ചുള്ള പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ദിരാ ഗാന്ധി രാഷ്ട്രമാതാവാണ് എന്ന് പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ മാതാവ് ഇന്ദിരാ ഗാന്ധിയാണെന്നാണ് പറഞ്ഞത്. പ്രയോഗത്തില്‍ തെറ്റു പറ്റിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ പ്രവര്‍ത്തനം തൃശൂരില്‍ മാത്രം ഒതുങ്ങില്ലെന്നും തമിഴ്‌നാട്ടിലും തന്റെ ശ്രദ്ധയുണ്ടാകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

”കെ.കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണെന്നാണ് ഞാന്‍ പറഞ്ഞത്. ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതാണ് ഞാന്‍ പറഞ്ഞത്. ഭാരതം എന്നു പറയുമ്പോള്‍ മാതാവാണ് ഇന്ദിരാ ഗാന്ധി എന്നത് ഹൃദയത്തില്‍ വച്ചുകൊണ്ടാണ് പറഞ്ഞത്. അല്ലാതെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയും രാഷ്ട്ര മാതാവ് ഇന്ദിരാ ഗാന്ധിയുമാണ് എന്നു പറയുന്ന വ്യംഗ്യം പോലും അതിലില്ല.

Signature-ad

”ഇതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന കോലാഹലങ്ങളൊന്നും ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. കാരണം വലിയ ഉത്തരവാദിത്തം എന്റെ തലയിലുണ്ട്. ഇങ്ങനെയുള്ള ഒരു കാര്യവും ഇനി ഞാന്‍ ശ്രദ്ധിക്കുകയോ മുഖവിലയ്ക്ക് എടുക്കുകയോ ഇല്ല.” -സുരേഷ് ഗോപി പറഞ്ഞു.

ഇന്ദിരാ ഗാന്ധിയെ ഭാരതത്തിന്റെ മാതാവായി കാണുന്നതു പോലെ ലീഡര്‍ കെ. കരുണാകരനെ കേരളത്തിന്റെ പിതാവായാണു കാണുന്നതെന്നാണ് സുരേഷ് ഗോപി ഇന്നലെ പറഞ്ഞത്. പൂങ്കുന്നം മുരളീമന്ദിരത്തിലെത്തി ലീഡര്‍ കെ. കരുണാകരന്റെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

Back to top button
error: