CrimeNEWS

വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്ന്, വിമാനത്താവളത്തില്‍ കൊണ്ടുവിട്ട് പൊലീസ്; ‘പന്തീരാങ്കാവ്’ യുവതി ഡല്‍ഹിക്ക് തിരിച്ചുപോയി

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ പൊലീസ് വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത യുവതിയെ ഇന്നലെ രാത്രി തന്നെ മജിസ്ട്രേട്ടിന്റെ മുന്നില്‍ ഹാജരാക്കിയിരുന്നു. അച്ഛനും സഹോദരനും വന്നെങ്കിലും അവര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. ഡല്‍ഹിക്ക് തിരിച്ചു പോകണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് രാത്രി തന്നെ പൊലീസ് അകമ്പടിയോടെ നെടുമ്പാശ്ശേരിയില്‍ കൊണ്ടുവിട്ടു. പിന്നാലെ യുവതി ഡല്‍ഹിക്ക് പോയി.

യുവതിയെ കാണാനില്ലെന്നു കാട്ടി കുടുംബാംഗങ്ങള്‍ പൊലീസിനു പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇവരെ പൊലീസ് കണ്ടെത്തിയ കൊച്ചിയിലെത്തിച്ചത്. വടക്കേക്കര പൊലീസിന്റെ മൂന്നംഗ സംഘം ഡല്‍ഹിയിലാണു യുവതിയെ കണ്ടെത്തിയതെന്നാണു വിവരം. ഇന്നലെ രാത്രി 8.30നു വിമാനമാര്‍ഗം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച യുവതിയെ കസ്റ്റഡിയിലെടുത്ത് വടക്കേക്കര പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയും തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.

Signature-ad

ഓഫിസിലേക്കെന്നു പറഞ്ഞു 10 ദിവസം മുന്‍പാണു യുവതി വീട്ടില്‍നിന്നു പോയത്. യുവതി യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശങ്ങള്‍ പിന്തുടര്‍ന്നാണു പൊലീസ് ഡല്‍ഹിയില്‍ യുവതി താമസിച്ച സ്ഥലം കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ ഡല്‍ഹിയില്‍ നിന്നു കഠ്മണ്ഡുവിലേക്കു കടക്കാനുള്ള തയാറെടുപ്പിലായിരുന്നു യുവതിയെന്നാണു പൊലീസ് നല്‍കുന്ന വിവരം.

താന്‍ കുടുക്കില്‍പെട്ടിരിക്കുകയാണെന്നും തന്നെ കാണാനില്ലെന്ന പരാതി പിന്‍വലിക്കണമെന്നും ബുധനാഴ്ച അമ്മയെ വാട്‌സാപ് കോള്‍ വിളിച്ച് യുവതി ആവശ്യപ്പെട്ടിരുന്നു. പരാതി പിന്‍വലിക്കില്ലെന്ന് അമ്മ ഉറപ്പിച്ചു പറഞ്ഞതോടെ യുവതി കോള്‍ കട്ട് ചെയ്തു. ഇക്കാര്യവും ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു. ഈ കോള്‍ വിവരങ്ങളും പൊലീസിനു യുവതിയെ കണ്ടെത്താന്‍ സഹായകമായി. താന്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണു ഭര്‍ത്താവ് രാഹുലിനെതിരെ സ്ത്രീധന പീഡന പരാതി നല്‍കിയതെന്നും രാഹുല്‍ നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടി തന്റെ യുട്യൂബ് ചാനല്‍ മുഖേന മൂന്നു വീഡിയോകള്‍ യുവതി പുറത്തുവിട്ടിരുന്നു.

 

Back to top button
error: