NEWSPravasi

കുവൈത്തില്‍ പാര്‍പ്പിടസമുച്ചയത്തിലെ തീപിടിത്തം; 2 മലയാളികളടക്കം 41 മരണം

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗെഫില്‍ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. നാല്‍പതിലേറെപ്പേര്‍ക്കു പരുക്കേറ്റു. ഇതില്‍ ഏഴു പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ 2 മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും ഒരു ഉത്തരേന്ത്യക്കാരമുമടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ ഉണ്ടെന്നാണു സൂചന. മരണസംഖ്യ കൂടിയേക്കാം. രാജ്യത്തെ ഔദ്യോഗിക മാധ്യമമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

മംഗെഫ് ബ്ലോക്ക് നാലില്‍ തൊഴിലാളികള്‍ താമസിക്കുന്ന എന്‍ബിടിസി ക്യാംപില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു തീപിടിത്തം. എന്‍ബിടിസി കമ്പനിയിലെ തൊഴിലാളികളായ, മലയാളികള്‍ ഉള്‍പ്പെടെ 195 പേര്‍ ഇവിടെ താമസിച്ചിരുന്നു. സുരക്ഷാജീവനക്കാരന്റെ മുറിയില്‍നിന്നാണ് തീ പടര്‍ന്നതെന്നാണു പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് സൂചന. താഴത്തെ നിലയില്‍ തീ പടര്‍ന്നതോടെ മുകളിലുള്ള ഫ്‌ളാറ്റുകളില്‍നിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. ഇവരെ മുബാറക്, അദാന്‍, ജുബൈര്‍ തുടങ്ങിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തില്‍നിന്നു ചാടിയവരില്‍ ചിലരുടെ പരുക്ക് ഗുരുതരമാണ്.

Signature-ad

തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ പറഞ്ഞു. കെട്ടിടത്തില്‍ കുടുങ്ങിയവരെ പുറത്തിറക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവസ്ഥലം പൊലീസിന്റെ സുരക്ഷാ വലയത്തിലാണ്. ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ട്. അപകടത്തില്‍പെട്ടവര്‍ക്ക് സഹായവുമായി ആരോഗ്യവകുപ്പ് രംഗത്തുണ്ടെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, കെട്ടിടത്തിന്റെ ഉടമയെ അറസ്റ്റ് ചെയ്യാന്‍ കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കെട്ടിടത്തില്‍ ഇത്രയും പേരെ താമസിപ്പിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തില്‍നിന്ന് എല്ലാവരെയും ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലത്ത് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.

 

Back to top button
error: