NEWSPravasi

കുവൈറ്റ് അഗ്നിബാധ: ശ്വാസം മുട്ടിയും തീനാളങ്ങളിലും പിടഞ്ഞു വീണും പ്രാണൻ പൊലിഞ്ഞവർ 50 ലേറെപ്പേർ, മലയാളികൾ 26

കുവൈറ്റിൽ നിന്നും സുനിൽ കെ. ചെറിയാൻ

തെക്കൻ കുവൈത്തിൽ മംഗഫ് ബ്ലോക്ക് 4 ലെ നാസർ അൽ ബത്താ ട്രേഡിങ്ങ് കമ്പനിയുടെ  ക്യാംപിൽ ഉണ്ടായ അഗ്നിബാധയിൽ മലയാളികൾ അടക്കം 51 പേർ മരിച്ചു. ഇതിൽ 26 പേരെങ്കിലും മലയാളികളായിരിക്കും എന്നാണ് കമ്പനി അധികൃതർ നൽകുന്ന വിവരം. തൊഴിലാളികളെ പാർപ്പിച്ചിരുന്ന ഈ 6 നില കെട്ടിടത്തിൽ ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് തീ പിടിത്തമുണ്ടായത്. 200 ഓളം പേരാണ് ഈ കെട്ടിടത്തിൽ താമസിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം.

Signature-ad

ഈജിപ്ഷ്യൻ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളിൽനിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. കെട്ടിടത്തിൽനിന്നു ചാടിയവരിൽ ചിലരുടെ പരുക്ക് ഗുരുതരമാണ്.

ഫ്ലാറ്റ് സമുച്ചയത്തെ തീനാളങ്ങൾ വിഴുങ്ങിയതോടെ ജീവനുവേണ്ടി നെട്ടോട്ടമോടുന്ന മനുഷ്യരുടെ അവസ്ഥ അത്യന്തം ദാരുണമായിരുന്നു. പലരും ഉറക്കത്തിലായിരുന്നതും കെട്ടിടത്തിൽ ലിഫ്റ്റ് സൗകര്യമില്ലാത്തതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. കനത്ത പുക ഉയർന്നതോടെ താമസക്കാർ ഉള്ളിൽ കുടുങ്ങി.

ഈ സംഭവത്തെ തുടർന്ന് ലേബർ ക്യാംപുകൾ തൊട്ട് സ്റ്റാഫ് അക്കമേഡേഷൻ കെട്ടിടങ്ങൾ വരെ കർശന പരിശോധനയ്ക്ക് വിധേയമാവും എന്ന സൂചനയാണ് മംഗഫിൽ നടന്ന തീപിടിത്തത്തിന്റെ ആഘാതം വ്യക്തമാക്കുന്നത്. പല കമ്പനികളും അവരുടെ തൊഴിലാളികളെ ചാള അടുക്കും വിധമാണ് പാർപ്പിച്ചിരിക്കുന്നത്. ഈ സത്യം എല്ലാവർക്കും അറിയാം. ‘വാസ്‌ത’ എന്ന് വിളിക്കുന്ന ഉന്നതങ്ങളിലുള്ള പിടി കൊണ്ടും മറ്റും ഇത്തരത്തിലുള്ള അനധികൃത താമസ സംവിധാനത്തിന് നേരെ പലരും കണ്ണടയ്ക്കുന്നു. അൻപതോ അറുപതോ പേർക്ക് താമസിക്കാവുന്ന കെട്ടിടങ്ങളിലാണ് നൂറ്റമ്പതും ഇരുന്നൂറും പേർ താമസിക്കുന്നത്.

മംഗഫിൽ തീപിടിത്തമുണ്ടായ കെട്ടിടം എൻബിടിസി എന്ന കമ്പനിയുടെ ഓഫീസ് സ്റ്റാഫ് താമസിച്ചിരുന്ന കെട്ടിടമായിരുന്നു. ലേബർ ക്യാംപ് ആയിരുന്നെങ്കിൽ മരണസംഖ്യ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന 51 എന്ന സംഖ്യയിൽ നിൽക്കില്ലായിരുന്നു. പുക ശ്വസിച്ചാണ് പലരും മരിച്ചത്. മുകളിലത്തെ നിലകളിൽ നിന്നും ചാടിയവർ പരിക്കുകളോടെ വിവിധ ഹോസ്പിറ്റലുകളിലാണ്. ഇതേ കെട്ടിടത്തിൽത്തന്നെ മെസ്സ് പ്രവർത്തിച്ചിരുന്നതിനാൽ കൂട്ടിവച്ച ഗ്യാസ് സിലിണ്ടറുകൾ  പൊട്ടിത്തെറിച്ചത് അഗ്നിബാധയുടെ ആഘാതം കൂട്ടി.

പൊതുവേ നല്ലപേരുള്ള കമ്പനിയാണ് നാസർ അൽ ബത്താ ട്രേഡിങ്ങ് കമ്പനി എന്ന എൻബിടിസി. മലയാളിയുടെ ഉടമസ്ഥതയിലുള്ള ഈ കമ്പനി തൊഴിലാളിക്ഷേമത്തിൽ മുൻപന്തിയിലാണ്. പരിക്കേറ്റവരിൽ ധാരാളം മലയാളികളുണ്ട്. 26 മലയാളികൾ മരിച്ചതായാണ് വിവരം. ഇതിൽ10 മലയാളികളെ തിരിച്ചറി‍ഞ്ഞു.

കൊല്ലം ശൂരനാട് വടക്ക് തുണ്ടുവിള  ഷമീർ ഉമറുദ്ദീൻ (30), കാസർകോട് ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ രഞ്ജിത്ത് (34), കാസർകോട് പിലിക്കോട് കേളു പൊന്മലേരി (58), കോട്ടയം പാമ്പാടി ഇടിമണ്ണിൽ സ്റ്റെഫിൻ ഏബ്രഹാം സാബു (29),  പന്തളം മുടിയൂർക്കോണം ശോഭനാലയത്തിൽ ആകാശ് ശശിധരൻ നായർ (31), കൊല്ലം പുനലൂർ വാഴവിള അടിവള്ളൂർ സാജൻ ജോർജ്‌ (29), കോന്നി അട്ടച്ചാക്കൽ ചെന്നശ്ശേരിൽ സജു വർഗീസ് (56), വള്ളിക്കോട് വാഴമുട്ടം വടക്കേതിൽ പിവി മുരളീധരൻ (68) കൊല്ലം വടകോട്ട് വിളയിൽ ലൂക്കോസ് (സാബു 48),തിരുവല്ല മേപ്രാൽ ചിറയിൽ തോമസ് ഉമ്മൻ(37) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മറ്റുള്ളവരുടെ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.

താമസക്കാരെ കുത്തിനിറച്ചു എന്ന കാരണത്താൽ കടുത്ത നടപടിയാണ് ഇതുപോലുള്ള കമ്പനികൾ വരും നാളുകളിൽ നേരിടാൻ പോകുന്നത്. മംഗഫിലെ കെട്ടിട ഉടമയെ അറസ്റ്റ് ചെയ്യാൻ  സർക്കാർ ഉത്തരവിട്ടു. നിയമം ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാനും അന്വേഷണം തീരുന്നതുവരെ കെട്ടിട ഉടമയെയും സെക്യൂരിറ്റി ജീവനക്കാരനെയും കസ്റ്റഡിയിൽ വയ്ക്കും.

കമ്പനികൾ മാത്രമല്ല, ഷെയറിങ്ങ് അക്കമഡേഷൻ എന്ന പേരിൽ സ്വകാര്യവ്യക്തികളും കുടുംബങ്ങളും സ്വീകരണമുറി വരെ പാർട്ടീഷൻ ചെയ്‌ത് താമസിക്കുന്ന പല അപ്പാർട്ട്മെന്റുകളും ഗൾഫിൽ എല്ലായിടത്തുമുണ്ട്. ഡബിൾ ബെഡ്‌റൂം, ഒരു കിച്ചൻ, ഒരു ബാത്ത്റൂം എന്ന് പേപ്പറിൽ ഉള്ള ഫ്ലാറ്റിന്റെ അകത്ത് ചെന്ന് നോക്കിയാലറിയാം കുഞ്ഞു കുഞ്ഞു മുറികൾ നമ്മെ വഴി തെറ്റിക്കും വിധത്തിൽ ജിപ്സം ബോർഡ് കൊണ്ടും മറ്റും വേർതിരിച്ചിരിക്കുന്നത് കാണാനാവുന്നത്.

ഇത്തരമൊരു പാർട്ടീഷൻ സംവിധാനം ഒരുപക്ഷെ കെട്ടിട ഉടമ അറിയണമെന്നില്ല. കെട്ടിടം നോക്കാനേൽപ്പിച്ചിരിക്കുന്ന ഹാരിസ് എന്ന് വിളിക്കുന്ന കാവൽക്കാരൻ (ജാനിറ്റർ) ഒരുക്കുന്ന അനധികൃത സംവിധാനമാവാനുമുള്ള സാധ്യത ചില അപ്പാർട്മെന്റുകളെ സംബന്ധിച്ചുണ്ട്. താമസക്കാർ ഹാരിസിനാണ് വാടക കൊടുക്കുന്നത്.  24 മുറികളുള്ള കെട്ടിടത്തിൽ 240 പേരെ താമസിപ്പിക്കുന്ന വിദ്യ ഗൾഫ് രാജ്യങ്ങളിൽ പുതിയതല്ല.

ആ വിദ്യ ഇനി ഫലിക്കില്ല എന്ന കടുത്ത പാഠമാണ് ഈ അഗ്നിബാധ ബാക്കി വയ്ക്കുന്നത്.

Back to top button
error: