പാലാ: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഭയക്കുന്ന ജോസ് കെ.മാണി പാലായ്ക്ക് അപമാനമാണെന്നു ഫ്‌ളക്‌സ് ബോര്‍ഡ്. നഗരസഭാ കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിന് അഭിവാദ്യം അര്‍പ്പിച്ചും നഗരത്തില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പാലാ പൗരാവലിയുടെ പേരിലാണ് ഫ്‌ലക്‌സ്. കൊട്ടാരമറ്റം, ജനറല്‍ ആശുപത്രി ജംക്ഷന്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വച്ചിട്ടുണ്ട്. ജോസ് കെ.മാണിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിന്റെ പേരില്‍ സിപിഎം കൗണ്‍സിലറായ ബിനുവിനെ ഇന്നലെ സിപിഎമ്മില്‍നിന്ന് പുറത്താക്കിയിരുന്നു.
ജോസ് കെ.മാണിയുമായി നിരന്തരം സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരുന്ന ബിനു സിപിഎമ്മിനും കേരള കോണ്‍ഗ്രസ് (എം) നും ഒരേ സമയം തലവേദന സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി വിട്ട് സിപിഎമ്മില്‍ എത്തിയ ബിനു ഈ കൗണ്‍സിലില്‍ പാര്‍ട്ടി ചിഹ്നത്തില്‍ പാലാ നഗരസഭയിലേക്കു വിജയിച്ച ഏക സിപിഎം അംഗം കൂടിയാണ്.
മുന്നണി ധാരണ പ്രകാരം സിപിഎമ്മിനു ലഭിക്കേണ്ട നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് ബിനുവിനെ പരിഗണിക്കാതിരിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) സിപിഎം സംസ്ഥാന നേതൃത്വത്തില്‍ വരെ സമ്മര്‍ദം ചെലുത്തിയിരുന്നു. കേരള കോണ്‍ഗ്രസ് (എം) തന്റെ നഗരസഭ അധ്യക്ഷ സ്ഥാനം നഷ്ടപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് 2023 ജനുവരി മുതല്‍ പൊതുപരിപാടികളില്‍ കറുപ്പ് ഷര്‍ട്ട് ധരിച്ച് ബിനു പ്രതിഷേധിച്ചിരുന്നു.