Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

അധികാരി അസിം മുനീര്‍ മാത്രം! ഇറാന്‍ നേതാക്കളെ സ്വീകരിച്ചത് സൈനിക യൂണിഫോമില്‍, ജെ.ഡി. വാന്‍സിനെ സ്വീകരിച്ചത് കോട്ടും സ്യൂട്ടുമിട്ട്! സമാധാന ചര്‍ച്ചയില്‍ പാകിസ്താന്‍ സൈനിക മേധാവിയുടെ അസാധാരണ നീക്കങ്ങള്‍

ന്യൂഡല്‍ഹി: രണ്ടാഴ്ചത്തെ ദുര്‍ബലമായ വെടിനിര്‍ത്തലിന് ശേഷം ഇറാനിയന്‍ നേതാക്കളും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധി സംഘവും നിര്‍ണ്ണായക ചര്‍ച്ചകള്‍ക്കായി ഇസ്ലാമാബാദില്‍ എത്തിയതോടെ ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും പാകിസ്താനിലായിരുന്നു.

പുറമെയുള്ള കാഴ്ചകള്‍ക്കപ്പുറം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായത് പ്രതിനിധി സംഘങ്ങളെ സ്വീകരിച്ചത് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് പകരം സൈനിക മേധാവി അസിം മുനീര്‍ ആയിരുന്നു എന്നതാണ്. പാകിസ്താന്റെ യഥാര്‍ത്ഥ ഭരണാധികാരിയായി പരക്കെ കണക്കാക്കപ്പെടുന്ന മുനീര്‍, ഈ സന്ദര്‍ഭത്തെ തന്റെ അധികാരം കൃത്യമായി പ്രദര്‍ശിപ്പിക്കാനുള്ള വേദിയാക്കി മാറ്റി.

Signature-ad

അതിലും ശ്രദ്ധേയമായത് മുനീറിന്റെ വസ്ത്രധാരണത്തിലെ മാറ്റമായിരുന്നു. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ഗാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും നയിച്ച 71 അംഗ ഇറാനിയന്‍ പ്രതിനിധി സംഘത്തെ സ്വീകരിക്കുമ്പോള്‍ മുനീര്‍ കോംബാറ്റ് ഗിയറിലായിരുന്നു (കമോഫ്‌ലാഷ് കോംബാറ്റ് ഡ്രസ് എന്ന് അറിയപ്പെടുന്നു). മണിക്കൂറുകള്‍ക്ക് ശേഷം, നൂര്‍ ഖാന്‍ എയര്‍ബേസില്‍ ജെഡി വാന്‍സ് എത്തിയപ്പോള്‍ മുനീര്‍ സ്യൂട്ടും ബൂട്ടും ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്.

അസിം മുനീറിന്റെ യൂണിഫോം നയതന്ത്രം

ഈ ദൃശ്യങ്ങള്‍ ഭൗമരാഷ്ട്രീയ നിരീക്ഷകരെ കൗതുകത്തിലാക്കിയിട്ടുണ്ട്. ഇറാനും അമേരിക്കയ്ക്കും വ്യക്തമായ സന്ദേശം നല്‍കാന്‍ ബോധപൂര്‍വ്വം ചെയ്ത കാര്യമാണിതെന്ന് പല വിദഗ്ധരും വാദിച്ചു. ‘വിദേശ നേതാക്കളെ സ്വീകരിക്കുമ്പോള്‍ ഒരു സൈനിക ഉദ്യോഗസ്ഥന്‍ എപ്പോഴും യൂണിഫോമിലായിരിക്കണം. താന്‍ അമേരിക്കക്കാര്‍ക്കൊപ്പം ഒരു നയതന്ത്രജ്ഞനാണെന്നും ഇറാന്റെ മുന്നില്‍ ഒരു സൈനികനാണെന്നും കാണിക്കാനാണ് അസിം മുനീര്‍ ലക്ഷ്യമിടുന്നത്. അതാണ് സന്ദേശം. ഇത് ഒരു മുതിര്‍ന്ന ആര്‍മി ജനറലിന്റെ പെരുമാറ്റത്തിന് ചേര്‍ന്നതല്ല’ മേജര്‍ ജനറല്‍ സഞ്ജയ് മെസ്റ്റണ്‍ (റിട്ടയേര്‍ഡ്) പറഞ്ഞു.

യുഎസ് വൈസ് പ്രസിഡന്റിനെ സ്വീകരിക്കുമ്പോള്‍ മുനീര്‍ കറുത്ത സ്യൂട്ട് തിരഞ്ഞെടുത്തത് തന്നെ ഒരു രാഷ്ട്രതന്ത്രജ്ഞനായി ചിത്രീകരിക്കാനുള്ള ശ്രമത്തെ പ്രതിഫലിപ്പിക്കുന്നു. മുനീറിനെ തന്റെ ‘പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍’ എന്ന് വിളിച്ചിട്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള മുന്‍കാല കൂടിക്കാഴ്ചകളില്‍ പോലും മുനീര്‍ സ്യൂട്ട് ധരിച്ചിട്ടുണ്ട്.

ഇറാനികളുമായുള്ള കൂടിക്കാഴ്ചയില്‍ കോംബാറ്റ് യൂണിഫോം തിരഞ്ഞെടുത്തത് ബോധപൂര്‍വ്വമായ സന്ദേശം നല്‍കാനാണെന്ന് പ്രതിരോധ വിദഗ്ധന്‍ സന്ദീപ് ഉണ്ണിത്താന്‍ പറഞ്ഞു. മിസൈല്‍ കൈമാറ്റങ്ങളും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും ഉള്‍പ്പെടെ ഇറാനും പാകിസ്താനും തമ്മിലുള്ള സമീപകാല പിരിമുറുക്കങ്ങളിലേക്ക് അദ്ദേഹം വിരല്‍ ചൂണ്ടി.

‘മുനീര്‍ ആചാരപരമായ ആര്‍മി യൂണിഫോം അല്ല ധരിച്ചത്, മറിച്ച് കോംബാറ്റ് ഡ്രസാണ്. താന്‍ അവിടെ ഒരു സൈനിക നേതാവായാണ് വരുന്നത് എന്ന് ഇറാന് മുന്നില്‍ കരുത്ത് കാണിക്കാനാണത്’- ഉണ്ണിത്താന്‍ പറഞ്ഞു. ‘രണ്ട് വര്‍ഷം മുമ്പ് ഇറാനും പാകിസ്താനും മിസൈലുകള്‍ കൈമാറിയിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി തര്‍ക്കങ്ങളും ഉണ്ടായിട്ടുണ്ട്. ഇവയെല്ലാം ക്യാമറകള്‍ക്ക് വേണ്ടിയുള്ളതാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂമിശാസ്ത്രപരമായ ഘടകങ്ങള്‍ കാരണം ഇറാനും പാകിസ്താനും ചരിത്രപരമായി അടുത്ത ബന്ധമാണുള്ളതെങ്കിലും, അടുത്ത കാലത്തായി അത് ഉലഞ്ഞിരുന്നു.

2024-ല്‍ പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലേക്ക് ഇറാാന്‍ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ടു. മുന്‍കാലങ്ങളില്‍ ഒന്നിലധികം ആക്രമണങ്ങള്‍ നടത്തിയെന്ന് ടെഹ്റാന്‍ ആരോപിക്കുന്ന ജയ്ഷ് അല്‍-അദ്ല്‍ എന്ന സായുധ സംഘത്തെയാണ് അവര്‍ ലക്ഷ്യമിട്ടത്. ഇറാന്റെ സിസ്താന്‍ പ്രവിശ്യയുടെ സ്വാതന്ത്ര്യമാണ് ഈ സംഘം ആഗ്രഹിക്കുന്നത്.

ദിവസങ്ങള്‍ക്കുശേഷം, ബലൂച് വിഘടനവാദികളെ ലക്ഷ്യമിട്ട് ഇറാന്റെ സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയ്ക്കുള്ളില്‍ പാകിസ്താന്‍ സൈനികാക്രമണം നടത്തി. ചൈന ഇടപെട്ടതിന് ശേഷമാണ് സംഘര്‍ഷം അവസാനിച്ചത്. എങ്കിലും ബന്ധം അസ്ഥിരമായി തുടര്‍ന്നു.

യുഎസിനെ സംബന്ധിച്ചിടത്തോളം, സ്യൂട്ട് ധരിച്ച മുനീര്‍ തന്നെത്തന്നെ ഒരു നയതന്ത്രജ്ഞനായാണ് അവതരിപ്പിച്ചത്, വെറുമൊരു സല്യൂട്ട് അടിച്ച് മാറിനില്‍ക്കുന്ന സൈനിക നേതാവായല്ല. ‘മുനീറിന് രാഷ്ട്രീയ അഭിലാഷങ്ങളുണ്ടെന്ന് ഇത് വ്യക്തമായി കാണിക്കുന്നു’ ഉണ്ണിത്താന്‍ പറഞ്ഞു.

അധികാര കേന്ദ്രത്തില്‍ അസിം മുനീര്‍

ലോകത്തിനും പാകിസ്താന്‍ ജനതയ്ക്കും മുനീര്‍ നല്‍കാന്‍ ആഗ്രഹിച്ച മൂന്നാമതൊരു സന്ദേശം കൂടിയുണ്ട്. താന്‍ അധികാരത്തിന്റെ കേന്ദ്രത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്നതാണത്.

ഇറാനിയന്‍ വിദേശകാര്യ മന്ത്രിയോ യുഎസ് വൈസ് പ്രസിഡന്റോ പോലുള്ള ഉന്നത ഉദ്യോഗസ്ഥരെ സ്വീകരിക്കാന്‍ പാകിസ്താന്‍ കരസേനാ മേധാവി നേരിട്ട് പോകുന്നത് അസാധാരണമാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

‘പ്രോട്ടോക്കോള്‍ അനുസരിച്ച്, പാകിസ്താനില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഉള്ളതിനാല്‍ ഇത് ഒന്നുകില്‍ പ്രസിഡന്റ്, അല്ലെങ്കില്‍ പ്രധാനമന്ത്രി അല്ലെങ്കില്‍ വിദേശകാര്യ മന്ത്രി ആയിരിക്കണം ചെയ്യേണ്ടത്. കരസേനാ മേധാവി മറ്റെല്ലാവരെക്കാളും മുകളിലല്ല’- അദ്ദേഹം പറഞ്ഞു.

ചുവന്ന പരവതാനിയിലൂടെ ജെഡി വാന്‍സിനൊപ്പം നടക്കുകയും ചിരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്ന മുനീറിന്റെ ദൃശ്യങ്ങള്‍ തന്റെ പ്രതിച്ഛായ വളര്‍ത്തുന്നതിന് വേണ്ടിയുള്ളതാണെന്ന് വിദഗ്ധര്‍ പറഞ്ഞു.

‘പാകിസ്താനില്‍ സൈന്യമാണ് ഭരിക്കുന്നത്. അസിം മുനീര്‍ ഒരു പടികൂടി മുന്നോട്ട് പോയിരിക്കുന്നു. ഏതൊരു അന്താരാഷ്ട്ര ഇടപാടുകളിലും നിങ്ങള്‍ക്ക് അസിം മുനീറിന്റെ സാന്നിധ്യം കാണാം. ശ്രദ്ധാകേന്ദ്രമാകാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. താനാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാം, അത് തെളിയിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു’- റിട്ട. മേജര്‍ ജനറല്‍ സഞ്ജയ് സോയ് പറഞ്ഞു.

യാഹ്യാ ഖാന്‍, ജനറല്‍ സിയാ-ഉല്‍-ഹഖ് അല്ലെങ്കില്‍ ജനറല്‍ മുഷറഫ് തുടങ്ങിയ പാകിസ്താന്‍ സ്വേച്ഛാധിപതികള്‍ വിദേശ സന്ദര്‍ശകരെ സ്വീകരിച്ചിരുന്ന കാലത്തേക്കുള്ള ഒരു തിരിച്ചുപോക്ക് പോലെയായിരുന്നു അത്.

പാകിസ്താനിലെ ഈ ഇരട്ട ഭരണഘടനയെക്കുറിച്ച് അമേരിക്കയ്ക്ക് നന്നായി അറിയാമെന്ന് മുന്‍ നയതന്ത്രജ്ഞന്‍ രാജീവ് ഡോഗ്ര ഊന്നിപ്പറഞ്ഞു. വാന്‍സ് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറുമായി സ്‌നേഹപൂര്‍വ്വം ഇടപഴകുന്നതും എയര്‍ബേസില്‍ വെച്ച് അദ്ദേഹത്തിന്റെ പുറത്തു തട്ടുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഇഷാഖ് ദാറിന്റെ പുറത്തു തട്ടുന്ന വാന്‍സിന്റെ നടപടി, സിവിലിയന്‍ പക്ഷത്തോടും അമേരിക്കയ്ക്ക് പരിഗണനയുണ്ടെന്ന സന്ദേശം നല്‍കി,’ ഡോഗ്ര പറഞ്ഞു. ഇതിലെ സാരം വ്യക്തമാണ്. യുഎസ്-ഇറാന്‍ ചര്‍ച്ചകളെ തന്റെ തന്ത്രപരമായ വിജയമാക്കി മാറ്റാനും, ഇപ്പോള്‍ പാകിസ്താനിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി താനാണെന്ന സന്ദേശം ആഗോളതലത്തില്‍ ഉറപ്പിക്കാനും മുനീര്‍ ഈ അവസരം ഉപയോഗിച്ചു.

#AsimMunir, #PakistanPolitics, #JDVance, #IslamabadTalks, #IranPakistan, #Diplomacy, #Geopolitics, #MilitaryRule, #InternationalRelations, #USPakistan, #ForeignPolicy, #WorldNews, #SecurityUpdate, #UniformDiplomacy

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: