Breaking NewsKeralaLead NewsNEWSpolitics

‘കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ ഞാൻ ശക്തമായി നിലകൊള്ളും; നിഷ്പക്ഷമായി നിൽക്കേണ്ട സഭാ നേതൃത്വം രാഷ്ട്രീയത്തിൽ ഇടപെട്ടതാണ് എന്റെ വേദനയ്ക്ക് കാരണം‘: പി.സി. ജോർജ്


കോട്ടയം: പാലാ രൂപത മുൻ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിനെ സന്ദർശിച്ച് ബിജെപി നേതാവ് പി.സി. ജോർജ്. ബിഷപ്പിന്റെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് ജോർജ് അദ്ദേഹത്തെ കാണാൻ എത്തിയത്. രാഷ്ട്രീയമായ ചർച്ചകൾക്കല്ല, മറിച്ച് തന്റെ പ്രിയപ്പെട്ട പിതാവിനെ കാണാനാണ് താൻ വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സന്ദർശനത്തിനിടെ അദ്ദേഹം തന്നെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചുവെന്നും ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

‘പിതാവ് എനിക്ക് പ്രത്യേകം ഇരിക്കട്ടെ എന്ന് പറഞ്ഞ് ഒന്നാന്തരം ഒരു കൊന്തയും കുരിശുമാണ് നൽകിയത്’ എന്ന് അദ്ദേഹം പറഞ്ഞു. നൂറാം വയസ്സിലും ബിഷപ്പിന് എല്ലാ കാര്യങ്ങളും ഓർമ്മയുണ്ടെന്നും അദ്ദേഹം വളരെ ആരോഗ്യവാനായിരിക്കുന്നുവെന്നും ജോർജ് കൂട്ടിച്ചേർത്തു. രാഷ്ട്രീയക്കാരൻ എന്നതിലുപരി ബിഷപ്പിന്റെ കുടുംബവുമായി തനിക്ക് വലിയ അടുപ്പമാണുള്ളതെന്നും ഇത്തരം സന്ദർശനങ്ങൾ ഔദ്യോഗികമായ ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Signature-ad

സന്ദർശനത്തിന് പിന്നാലെ സഭയുടെ മുഖപത്രമായ ദീപികയ്‌ക്കെതിരെ ജോർജ് കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു. തന്നെ കവലച്ചട്ടമ്പി എന്ന് വിശേഷിപ്പിച്ച പത്രത്തിന്റെ നിലപാടിനെ അദ്ദേഹം പരിഹസിച്ചു. ദീപിക ഇപ്പോൾ ഫാരിസ് അബൂബക്കറിന്റെ പത്രമാണെന്നും അവർ എഴുതുന്നത് അവരുടെ വാപ്പയെപ്പറ്റിയാണെന്നും പി.സി ജോർജ് പറഞ്ഞു. പത്രത്തിൽ വരുന്ന വാർത്തകൾ തന്നെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസാരിക്കുന്ന ശൈലി മാറ്റുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യം പി.സി. ജോർജ് പുച്ഛിച്ചു തള്ളി. ശൈലി മാറ്റാൻ എനിക്ക് സൗകര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം, വിമർശിച്ചവരെ ഇത്തിൾക്കണ്ണികൾ എന്നും വിളിച്ചു. ബിഷപ്പിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ രാഷ്ട്രീയ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകരോട് താൻ ‘മറ്റൊരു വർത്താനം’ പറയേണ്ടിവരുമെന്നും ഭീഷണി മുഴക്കി.

സഭയോട് മൊത്തത്തിൽ തനിക്ക് വിരോധമില്ലെങ്കിലും കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ താൻ ശക്തമായി നിലകൊള്ളുമെന്ന് ജോർജ് ആവർത്തിച്ചു. വോട്ടെടുപ്പിന് രണ്ട് ദിവസം മുൻപ് വിശ്വാസികളെ വിളിച്ച് യു.ഡി.എഫിന് വോട്ട് ചെയ്യാൻ ബിഷപ്പ് നിർദ്ദേശം നൽകിയെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. നിഷ്പക്ഷമായി നിൽക്കേണ്ട സഭാ നേതൃത്വം രാഷ്ട്രീയത്തിൽ ഇടപെട്ടതാണ് തന്റെ വേദനയ്ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, താനും മകൻ ഷോൺ ജോർജും ഇത്തവണ നിയമസഭയിൽ ഉണ്ടാകുമെന്ന കാര്യത്തിൽ തനിക്ക് നൂറു ശതമാനം ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. മെയ് നാലാം തീയതി ഫലം വരുമ്പോൾ തങ്ങൾ വിജയിക്കുമെന്നും അന്നേദിവസം മാധ്യമപ്രവർത്തകർക്ക് കേക്കും സമൂസയും നൽകി ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: