തൃശ്ശൂര്‍: കുന്നംകുളത്ത് മരിച്ചനിലയില്‍ യുവാവിനെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ ചുരുളഴിയുന്നു. സംഭവം കൊലപാതകമാണെന്നും യുവാവിനെ ആശുപത്രിയിലെത്തിച്ച സുഹൃത്തുക്കളാണ് കൃത്യത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു. കേസില്‍ സുഹൃത്തുക്കളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ചെറുവത്താനി സ്വദേശി വിഷ്ണു(26)വിനെയാണ് കഴിഞ്ഞദിവസം മരിച്ചനിലയില്‍ കുന്നംകുളത്തെ ആശുപത്രിയില്‍ എത്തിച്ചത്. സുഹൃത്തുക്കളായ മൂന്നുപേര്‍ ബൈക്കിലിരുത്തിയാണ് വിഷ്ണുവിനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. ബൈക്കില്‍നിന്ന് വീണ് അപകടം സംഭവിച്ചെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഡോക്ടറെത്തി പരിശോധിച്ചപ്പോള്‍ വിഷ്ണു മരിച്ചനിലയിലായിരുന്നു. സംഭവത്തില്‍ ദുരൂഹത തോന്നിയതിനാല്‍ സുഹൃത്തുക്കളോട് കൂടുതല്‍വിവരങ്ങള്‍ തിരക്കിയപ്പോള്‍ ഇവര്‍ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കി. ആശുപത്രിയിലെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി മൂവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
വിഷ്ണുവിന്റെ സുഹൃത്തുക്കളായ ഷിജിത്ത്, ശ്രീശാന്ത്, വിഷ്ണുരാജ് എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായിട്ടുള്ളത്. ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തതോടെയാണ് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. സംഭവസ്ഥലത്തുവെച്ച് യുവാവിനെ പ്രതികള്‍ മര്‍ദിക്കുന്നതിന്റെയും യുവാവ് തലയിടിച്ച് വീഴുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ചിറ്റഞ്ഞൂരിലെ പഴയ ആര്‍ത്താറ്റ് പഞ്ചായത്ത് ഓഫീസിന് സമീപം ആനയെ കെട്ടുന്ന പറമ്പില്‍നിന്നാണ് യുവാവിനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. ആനപ്രേമിയായ വിഷ്ണുവും സുഹൃത്തുക്കളും ഞായറാഴ്ച പകല്‍ ആനയെ കെട്ടുന്ന പറമ്പില്‍ വന്നിരുന്നു. വൈകീട്ട് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായെന്നാണ് വിവരം.
പറമ്പില്‍ മദ്യപിക്കാനെത്തിയ വിഷ്ണു സുഹൃത്തുക്കളായ മൂവരെയും ഇവിടേക്ക് വിളിച്ചുവരുത്തിയെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് രണ്ട് ബൈക്കുകളിലായി മൂന്നുപേര്‍ സ്ഥലത്തെത്തി. പിന്നീട് വിഷ്ണുവും സുഹൃത്തുക്കളും തമ്മില്‍ തര്‍ക്കമുണ്ടായി. സുഹൃത്തുക്കള്‍ സംഘം ചേര്‍ന്ന് വിഷ്ണുവിനെ മര്‍ദിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണു പിന്നാലെ കുഴഞ്ഞുവീണു. ഇതോടെയാണ് സുഹൃത്തുക്കളായ മൂവരും യുവാവിനെ ബൈക്കിലിരുത്തി ആശുപത്രിയില്‍ കൊണ്ടുവന്നത്.