തിരുവനന്തപുരം: തൃശൂരിലെ തോല്‍വിയിലും ഡിസിസി ഓഫീസിലെ സംഘര്‍ഷത്തിലും കെപിസിസി നടപടിക്ക്. ജോസ് വള്ളൂരിനോട് രാജികത്ത് സമര്‍പ്പിക്കാന്‍ കെ.പി.സി.സി നിര്‍ദേശം നല്‍കി. വി കെ ശ്രീകണ്ഠന് ഡി.സി.സി പ്രസിഡന്റെ ചുമതല നല്‍കും.
ചര്‍ച്ചക്കായി ഇന്നലെ ഡല്‍ഹിയിലെത്തിയ ജോസ് വള്ളൂര്‍, വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏകപക്ഷീയമായി തനിക്കെതിരെ മാത്രം നടപടി എടുക്കരുതെന്നും ജോസ് വള്ളൂര്‍ ആവശ്യപ്പെട്ടു.
ഡിസിസി ഓഫീസിലെ സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങള്‍ക്കും എതിരെ ടൗണ്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു. ഔദ്യോഗിക വാഹനത്തിന്റെ ചാവി ഡിസിസി ഓഫീസില്‍ ഏല്‍പ്പിച്ച ശേഷമാണ് ജോസ് വള്ളൂര്‍ ഡല്‍ഹിയിലേക്ക് പോയത്.
സംഘര്‍ഷത്തിന്റെ സിസി ടിവി ദൃശ്യങ്ങളുമായാണ് ഡിസിസി പ്രസിഡന്റ് ഡല്‍ഹിയില്‍ എത്തിയത്. ജോസ് വള്ളൂര്‍ സ്വമേധയാ രാജി വെച്ചില്ലെങ്കില്‍ നടപടിയെടുക്കാന്‍ കെപിസിസി നേതൃത്വം തീരുമാനിച്ചിരുന്നു.
അതേസമയം, സംഘര്‍ഷം സജീവന്‍ കുരിയച്ചിറ ഉണ്ടാക്കിയതാണെന്ന് ആരോപിച്ച് ഡിസിസി വാര്‍ത്താക്കുറിപ്പ് ഇറക്കി. ജനറല്‍ സെക്രട്ടറി പി ഗോപാലകൃഷ്ണന്‍ ആണ് വാര്‍ത്താ കുറിപ്പ് ഇറക്കിയത്. മദ്യപിച്ച് സജീവനും അനുയായികളും അഴിഞ്ഞാടി എന്നാണ് വാര്‍ത്ത കുറിപ്പില്‍ പറയുന്നത്..
എന്നാല്‍, ആരോപണങ്ങളെ നിഷേധിച്ച് സജീവനും രംഗത്തുവന്നു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വേണമെങ്കില്‍ ആശുപത്രി രേഖകള്‍ പരിശോധിക്കണമെന്നും സജീവന്‍ പറഞ്ഞു.
തനിക്കെതിരെ വാര്‍ത്താ കുറിപ്പ് ഇറക്കിയ ഗോപാലകൃഷ്ണന്‍ പോക്‌സോ കേസ് പ്രതിയാണെന്ന ഗുരുതര ആരോപണവും സജീവന്‍ ഉന്നയിച്ചു. നിലവില്‍ രണ്ടു കേസുകളാണ് ഡി.സി.സിയിലെ സംഘര്‍ഷത്തില്‍ പൊലീസ് എടുത്തിട്ടുള്ളത്.
സജീവന്റെ പരാതിയില്‍ ജോസ് വള്ളൂരിനും 20 പേര്‍ക്ക് എതിരെയും, കെഎസ്യു സംസ്ഥാന കമ്മിറ്റി അംഗം വിമലിന്റെ പരാതിയില്‍ സജീവന്‍ കുര്യത്തറയ്ക്കും ഏഴു പേര്‍ക്കും എതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഡി.സി.സി സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചായിരിക്കും ഈസ്റ്റ് പൊലീസ് തുടര്‍നടപടികളിലേക്ക് കടക്കുക.