എടുക്കാത്ത ആഭരണം എങ്ങനെ കൊടുക്കാൻ കഴിയും? എന്റെ നിരപരാധിത്വം തെളിയിക്കാൻ മരണമല്ലാതെ മറ്റു വഴികളില്ല, മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഭർത്താവ്, രേഖാമൂലം പരാതി കൊടുക്കാൻ ആദൂർ പോലീസും സമ്മതിക്കുന്നില്ല, മക്കൾക്ക് തലയുയർത്തി നടക്കാനാകുന്നില്ല, ഉപ്പക്കും ഉമ്മയ്ക്കും എന്നെക്കൊണ്ട് സമാധാനമില്ല, ഞാൻ കള്ളിയല്ല….നിർണായകമായി മരണമൊഴി

കാസർകോട്: മോഷണക്കുറ്റം ആരോപിച്ചതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ഭർതൃമതിയുടെ മരണത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. മോഷണക്കുറ്റം ആരോപിച്ച് ആലംപാടി നാലത്തടുക്കയിലെ ജസീലയാണ് (24) കഴിഞ്ഞ ദിവസം മരിച്ചത്. വിഷം കഴിച്ച് ചെങ്കളയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന യുവതി വെള്ളിയാഴ്ചയാണ് മരിച്ചത്. സംഭവത്തിൽ വിദ്യാനഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
ഏതാനുംദിവസം മുൻപ് നടന്ന ഒരു സ്വർണമോഷണ പരാതിയിൽ തന്റെ പേര് വലിച്ചിഴച്ചത് വലിയ മാനസികവിഷമമുണ്ടാക്കിയെന്ന് യുവതി മജിസ്‌ട്രേറ്റിന് നൽകിയ മരണ മൊഴിയിൽ വ്യക്തമാക്കിയിരുന്നു. മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ പകർപ്പ് അന്വേഷണം നടത്തുന്ന വിദ്യാനഗർ ഇൻസ്‌പെക്ടർ കെ.പി.ഷൈനിന് ലഭിച്ചു.
ജസീല വീഡിയോയിൽ പറയുന്നത് ഇങ്ങനെ-
നിരപരാധിയായ തന്നെ കള്ളിയാക്കിയെന്നും വീട്ടുകാർക്കും നാട്ടുകാർക്കും മുമ്പിൽ ചിത്രീകരിച്ചത് തന്നെ പൂർണമായും തളർത്തി, തന്റെ നിരപരാധിത്വം തെളിയിക്കാൻ മരണമല്ലാതെ മറ്റു വഴികളില്ലെന്നും പറയുന്ന ജസീലയുടെ വീഡിയോയും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ‘ചെയ്യാത്ത തെറ്റിന്റെ പേരിൽ ഞാൻ കുറെ അനുഭവിച്ചു. എന്റെ സുഹൃത്തിന്റെ ഉമ്മയുടെ സ്വർണം എടുത്തെന്നാണ് പറയുന്നത്. ഭർത്താവിന്റെ വീട്ടുകാരും കുറ്റപ്പെടുത്തുന്നു. ഭർത്താവും അതിന് കൂട്ടുണ്ട്. മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഭർത്താവും ശല്യപ്പെടുത്തുന്നു. രേഖാമൂലം പരാതി കൊടുക്കാൻ ആദൂർ പോലീസും സമ്മതിക്കുന്നില്ല. ഞാൻ കള്ളിയല്ല. സത്യം തെളിയിക്കാൻ പരമാവധി ശ്രമിച്ചു. ഉപ്പക്കും ഉമ്മയ്ക്കും എന്നെക്കൊണ്ട് സമാധാനമില്ല. അവർ കുറെ അനുഭവിക്കുന്നുണ്ട്. എടുക്കാത്ത ആഭരണം എങ്ങനെ കൊടുക്കാൻ കഴിയും. എല്ലാവരും എന്നെ കുറ്റപ്പെടുത്തുന്നു. മക്കൾക്ക് തലയുയർത്തി നടക്കാൻ കഴിയില്ല. മരണത്തിന് ഉത്തരവാദി അഫ്രീദും ഉമ്മയും ഭർത്താവും വീട്ടുകാരുമാണ്. മരണത്തോടെയാണെങ്കിലും സത്യം തെളിയിക്കണം’.
അതേസമയം ജസീല മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പരാമർശിക്കപ്പെട്ടവരുടെ വീട്ടിലെത്തി ഇൻസ്‌പെക്ടർ കെ.പി. ഷൈൻ വ്യക്തത വരുത്തിയിട്ടുണ്ട്. മുളിയാർ പൊവ്വൽ ബെഞ്ച് കോടതിക്കു സമീപത്തെ പ്രവാസിയായ അമീറാണ് ജസീലയുടെ ഭർത്താവ്. ആരും നാലും വയസുള്ള രണ്ട് കുട്ടികളുടെ മാതാവായ ജസീല ഫെബ്രുവരി 15-നാണ് വിഷം കഴിച്ചത്. മോഷണ സംഭവത്തിലെ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല. പരാതി രജിസ്റ്റർചെയ്ത ശേഷം യുവതിയെ ആദൂർ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. സ്വർണം നഷ്ടപ്പെട്ടുവെന്ന് പറയുന്ന സംഭവത്തിൽ ജസീലയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടെന്ന് കണ്ടെത്താൻ ആദൂർ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെ ഭർത്താവിന്റെ വീട്ടുകാരും സമീപത്തെ മറ്റൊരു വീട്ടുകാരും നാലത്തടുക്കയിലെ വീട്ടിൽ 14-ന് എത്തി ബഹളം വച്ചിരുന്നതിനെത്തുടർന്നുള്ള കടുത്ത മാനസിക പ്രയാസമാണ് വിഷം കഴിച്ചതിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്. ഭർതൃവീട്ടുകാർ ജസീലയെ ചീത്തവിളിച്ചതായി യുവതിയുടെ ഉമ്മയും വെളിപ്പെടുത്തി.






