”ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ സ്വാതന്ത്ര്യത്തോടെ നടക്കാനോ കഴിയാത്ത…” ‘വാലിബനി’ലെ മാതംഗി മനസ് തുറക്കുന്നു
വാനമ്പാടി എന്ന പരമ്പരയിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സുചിത്ര നായര്‍. ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയൊരു ആരാധകവൃന്ദം തന്നെ സുചിത്രയ്ക്കുണ്ട്. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ സുചിത്ര നല്ലൊരു നര്‍ത്തകി കൂടിയാണ്. ബിഗ് ബോസ് നാലാം സീസണില്‍ മത്സരാര്‍ത്ഥിയായും സുചിത്ര എത്തിയിരുന്നു. ബിഗ് ബോസില്‍ വന്നശേഷം ഫൈനലിലേക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കിലും സുചിത്ര പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച വിഷയമായിരുന്നു. സിനിമയിലെ അരങ്ങേറ്റം തന്നെ ഏതൊരു അഭിനേതാവും കൊതിക്കുന്ന ചിത്രത്തിലൂടെ ആയതിന്റെ സന്തോഷത്തിലാണ് സുചിത്ര ഇപ്പോള്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹന്‍ലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ലെ മാതംഗി എന്ന ശ്രദ്ധേയ കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിച്ചിരിക്കുന്നത്.
വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് താരത്തിന്റെ പ്രതികരണം ഇങ്ങനെ- ”കല്യാണം കഴിക്കും. എന്നെ മനസിലാക്കുന്ന, എന്തും എനിക്ക് തുറന്ന് പറയാന്‍ പറ്റുന്ന ഒരു സുഹൃത്തിനെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ ഒരാള്‍ വന്നാല്‍ മാത്രം വിവാഹം. ഇപ്പോള്‍ ഒരു ബ്രേക്കപ് കഴിഞ്ഞ സ്റ്റേജിലൂടെയാണ് ഞാന്‍ കടന്ന് പോകുന്നത്. അയാള്‍ക്ക് വേണ്ടി ഞാന്‍ എന്റെ പല ഇഷ്ടങ്ങളും മാറ്റിവച്ചിരുന്നു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ സ്വാതന്ത്ര്യത്തോടെ നടക്കാനോ ഒന്നും കഴിയാത്ത ഒരാള്‍ക്കൊപ്പമായിരുന്നു ഞാന്‍ ഇതുവരെ എന്നത് ആ ബന്ധത്തില്‍ നിന്ന് പുറത്ത് കടന്നപ്പോഴാണ് ബോധ്യമായത്” -സുചിത മനസ് തുറക്കുന്നു.