2024ന്റെ പകുതി എത്തുന്നതിനും മുന്‍പേ കോടികള്‍ കൊയ്ത ബോക്‌സ് ഓഫീസാണ് കേരളത്തിന്റേത്. നാല് ചിത്രങ്ങള്‍ 100 കോടി ക്ലബ് പിന്നിട്ടു. പ്രേമലു തുടക്കമിട്ട ട്രെന്‍ഡിനെ മഞ്ഞുമ്മല്‍ ബോയ്‌സും ആവേശവും ആടുജീവിതവും മുന്നോട്ടു നയിച്ചു. ഇതിനിടെ ചെറിയ ബജറ്റില്‍ ഇറങ്ങിയ ഗുരുവായൂര്‍ അമ്പലനടയില്‍ പോലുള്ള ചിത്രങ്ങള്‍ 50 കോടി കടന്നു. എത്രദിവസം ഓടി എന്ന പഴയകാല കണക്കുകള്‍ ഭേദിച്ച് ബോക്‌സ് ഓഫീസില്‍ എന്തുകിട്ടി എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇന്നത്തെ മലയാള സിനിമ
അതേസമയം, വര്‍ഷങ്ങള്‍ക്ക് ശേഷം (70 കോടി രൂപ), ഭ്രമയുഗം (60 കോടി രൂപ), എബ്രഹാം ഓസ്ലര്‍ (40 കോടി രൂപ), അന്വേഷിപ്പിന്‍ കണ്ടെത്തും (20 കോടി രൂപ) എന്നിവയും ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. റിലീസ് ചെയ്ത 70 സിനിമകളില്‍ എട്ടെണ്ണം ബോക്സ് ഓഫീസ് ഹിറ്റുകളായിരുന്നു
മറ്റ് സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ മലയാള സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയുണ്ട്. കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 75 കോടിയിലധികം രൂപയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയത്
നിര്‍മ്മാതാവാണ് സിനിമകളില്‍ നിക്ഷേപം നടത്തുക. ഒരു സിനിമ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാവ് മുടക്കുന്ന പണത്തെ ‘ബജറ്റ്’ എന്ന് വിളിക്കുന്നു. അഭിനേതാക്കളുടെ ഫീസ്, പ്രതിഫലം, ക്രൂ അംഗങ്ങള്‍, സാങ്കേതിക വിദഗ്ദര്‍, മറ്റ് ചിലവ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഈ ചെലവുകള്‍ കൂടാതെ, ഒരു സിനിമ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, സിനിമയുടെ പ്രൊമോഷന്‍, പരസ്യ ചെലവുകള്‍ തുടങ്ങിയവയും നിര്‍മ്മാതാവ് വഹിക്കണം
നിര്‍മ്മാതാക്കളും തിയേറ്ററുകളും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണ് ഡിസ്ട്രിബ്യൂട്ടര്‍ അഥവാ വിതരണക്കാര്‍. നിര്‍മ്മാതാവ് തന്റെ സിനിമയുടെ തിയറ്റര്‍ അവകാശം ഒരു മൂന്നാം കക്ഷിക്ക് കൈമാറുന്നു. നിര്‍മാതാവ്, വിതരണക്കാരന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മാതാവിന്റെ ഷെയറിനെ കുറിച്ച് വ്യക്തമാക്കുന്നു
100 കോടി ചിത്രത്തില്‍ നിര്‍മാതാവിന് പരമാവധി 40 ശതമാനം മാത്രമാകും ലഭിക്കുക എന്ന് ഏറ്റവും പുതിയ അഭിമുഖത്തില്‍ ലിസ്റ്റിന്‍ വ്യക്തമാക്കി. അതായത് 40 കോടിയാകും നിര്‍മാതാവിലേക്ക് എത്തുക. ലിസ്റ്റിന്റെ കൂടി പങ്കാളിത്തമുള്ള സിനിമ ‘ആടുജീവിതം’ ഇക്കൊല്ലം 100 കോടി കടന്ന സിനിമയാണ്.