CrimeNEWS

വീട്ടില്‍നിന്ന് വിളിച്ചിറക്കി അച്ഛനെയും മകനെയും വെട്ടി; മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട്: വ്യക്തിവൈരാഗ്യത്തിന്റെപേരില്‍ പെരുമണ്ണ മുണ്ടുപാലത്ത് വീട്ടില്‍നിന്ന് വിളിച്ചിറക്കി പിതാവിനെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍.

മുണ്ടുപാലം പൊന്നാരിത്താഴം മയൂരംകുന്ന് റോഡ് വളയംപറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് ഗവ. ആര്‍ട്സ് കോളേജ് കോയവളപ്പ് എരഞ്ഞിക്കല്‍ അബൂബക്കര്‍(52), മകനായ ഷാഫിര്‍(26) എന്നിവര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ അയല്‍വാസിയടക്കം മൂന്നുപേരെയാണ് പന്തീരാങ്കാവ് പോലീസും സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേര്‍ന്ന് പിടികൂടിയത്.

Signature-ad

പെരുമണ്ണ മുണ്ടുപാലം വളയംപറമ്പ് ഷനൂബ്(42), പന്തീരാങ്കാവ് വള്ളിക്കുന്ന് വെണ്മയത്ത് രാഹുല്‍(35), പന്തീരാങ്കാവ് പന്നിയൂര്‍ക്കുളം തെക്കേതാനിക്കാട്ട് റിഷാദ്(33) എന്നിവരാണ് പിടിയിലായത്.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ബെല്ലടിച്ച് വീട്ടുകാരെ വിളിച്ചുണര്‍ത്തിയ അക്രമികള്‍ കൊടുവാളുകൊണ്ട് ഷാഫിറിനെയാണ് ആദ്യം വെട്ടിയത്. തടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അബൂബക്കറിന് വെട്ടേറ്റത്. ഷാഫിറിന് കഴുത്തിനും തലയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. അബൂബക്കറിന് കൈപ്പത്തിയിലും നെഞ്ചത്തുമാണ് വെട്ടേറ്റത്.

സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട അക്രമികളെ വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട് മാങ്കാവിലെ സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള ലോഡ്ജില്‍നിന്നാണ് പോലീസ് പിടികൂടിയത്.

പന്തീരാങ്കാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നതിനിടെ പ്രതികളിലൊരാളായ ഷനൂബിന് ഷാഫിറിനോടുള്ള വ്യക്തിവൈരാഗ്യം മനസ്സിലാക്കിയ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതിനാല്‍ ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് റിഷാദിനെ പന്തീരാങ്കാവില്‍വെച്ച് പിടികൂടുന്നത്.

ഇയാളെ ചോദ്യംചെയ്തതില്‍നിന്നാണ് മറ്റുരണ്ടുപേര്‍ പോകാനിടയുള്ള സ്ഥലങ്ങളില്‍ പോലീസ് രഹസ്യനിരീക്ഷണം നടത്തിയത്. തുടര്‍ന്നാണ് മാങ്കാവിലുള്ള ലോഡ്ജില്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് പ്രതികള്‍ താമസിക്കുന്നുണ്ടെന്ന വിവരം ലഭിക്കുന്നത്. പിടിയിലായ ഷനൂബ് ഒട്ടേറെ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അബൂബക്കറിന്റെ അയല്‍വാസിയാണ് ഷനൂബ്. മറ്റുരണ്ടുപേര്‍ ഷനൂബിന്റെ സുഹൃത്തുക്കളാണ്. വേങ്ങര-കോഴിക്കോട് റൂട്ടിലെ ബസ് കണ്ടക്ടറാണ് ഷാഫിര്‍.

മുച്ചക്രവാഹനത്തില്‍ പച്ചക്കറികള്‍ വില്‍പ്പന നടത്തുന്ന ജോലിയാണ് അബൂബക്കറിന്. ഷാഫിറും അബൂബക്കറും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി.

Back to top button
error: