മാതാ, പിതാ, ഗുരു, ദൈവം എന്നാണല്ലോ പ്രമാണം. പക്ഷേ പല സന്ദർഭങ്ങളിലും ഗുരുനാഥന്മാർ ചെകുത്താന്മാരായി നടമാടുന്ന കാഴ്ചകളാണ് ചുറ്റുപാടും കണ്ടുവരുന്നത്.
കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് 10 വയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കരാട്ടെ അധ്യാപകന് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി 110 വർഷം തടവ് ശിക്ഷ വിധിച്ചത് ഇന്നലെയാണ്. 51കാരനായ പ്രതി മോഹനൻ 2.75 ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു.
* * *
കർണാടക ചിക്കബെല്ലാപുരയിൽ 7-ാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രധാനാധ്യാപകൻ ജി.വെങ്കിടേഷ് അറസ്റ്റിലായത് ഇന്നലെയാണ്. സിദ്ധലഘട്ട സർക്കാർ സ്കൂളിലെ ഓഫിസ് മുറിയിൽ വച്ച് 55 കാരനായ ഈ അദ്ധ്യാപകൻ കഴിഞ്ഞ 6 മാസമായി പല തവണ തന്നെ പീഡിപ്പിച്ചതായും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനി വെളിപ്പെടുത്തി.
* * *
മലപ്പുറത്ത് അദ്ധ്യാപകനായിരുന്ന കെ.വി ശശികുമാർ 60 ഓളം വിദ്യാര്‍ത്ഥിനികളെയാണ് പീഡിപ്പിച്ചത്. പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് ഞെട്ടിക്കുന്ന ഈ സത്യം പുറത്തു കൊണ്ടു വന്നത്. സെന്റ് ജമാസ് സ്‌കൂളിൽ 30 വര്‍ഷം അധ്യാപകനായി പ്രവർത്തിച്ച ശശികുമാർ മുൻ നഗരസഭാ കൗണ്‍സിലറുമാണ്.
2019ലും ശശികുമാറിനെതിരെ ചില വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയിരുന്നെങ്കിലും അതെല്ലാം മാനേജ്‌മെൻ്റ് പൂഴ്ത്തി വയ്ക്കുകയായിരുന്നു.
* * *
കണ്ണൂര്‍ തളിപ്പറമ്പിൽ 20 ഓളം യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിലാണ് അധ്യാപകന്‍ മലപ്പുറം കൊണ്ടോട്ടി ചെറിയന്‍മാക്കന്‍ ഫൈസലി(52)നെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർത്ഥിനികൾ പീഡന വിവരം വെളിപ്പെടുത്തിയത്. 4 വർഷമായി അധ്യാപകൻ ഇതേ സ്‌കൂളിൽ പഠിപ്പിക്കുന്നു. ഇയാൾ മുമ്പ് പഠിപ്പിച്ചിരുന്ന സ്‌കൂളിലും സമാന രീതിയിലുള്ള പരാതികൾ ഉയർന്നിട്ടുണ്ട്.
* * *
വയനാട് മേപ്പാടി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായിക അദ്ധ്യാപകന്‍ പുത്തൂര്‍വയല്‍ താഴംപറമ്പില്‍ ജോണി പോക്സോ കേസില്‍ അറസ്റ്റില്‍. 4 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ സ്റ്റേഷനില്‍ നേരിട്ടെത്തി പരാതിപ്പെടുകയായിരുന്നു.
* * *
ക്ലാസ് മുറിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ കണ്ണൂർ എരുന്തട്ടയില്‍ എല്‍.പി സ്‌കൂൾ അദ്ധ്യാപകനായ ഗോവിന്ദനെ പൊലീസ് അറസ്റ്റുചെയ്തു.
പരാതിക്കാരിയായ പെണ്‍കുട്ടി അദ്ധ്യാപകൻ തന്നെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയ വിവരം സഹപാഠികളോട് പറഞ്ഞപ്പോൾ ഇയാൾ പലതവണ തങ്ങളേയും ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുള്ളതായി മറ്റു കുട്ടികളും വെളിപ്പെടുത്തി.
* * *
വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് അത്തോളി സ്വദേശിയായ അബ്ദുല്‍ നാസറാണ് അറസ്റ്റിലായത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പീഡിപ്പിച്ചതിന് അഞ്ച് പോക്‌സോ കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത്.
* * *
വിദ്യാർഥികളെ പീഡിപ്പിച്ച കായിക അധ്യാപകൻ കൂടിയായ തിരുവനന്തപുരം മാരായമുട്ടം നീരറതല രതീഷ് എന്ന ഫാദർ ജസ്റ്റിൻ (40) അറസ്റ്റിൽ. ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ 2019 മുതൽ 2021 കാലയളവിൽ കുട്ടികളെ പീഡിപ്പിച്ചു എന്ന് ചൈൽഡ് ലൈനിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
* * *
പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപികയായ യുവതി പോക്‌സോ നിയമ പ്രകാരം അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ സ്‌കൂളില്‍ പോകും വഴി അധ്യാപിക കൂട്ടി കൊണ്ട് പോകുകയായിരുന്നു. സമയം കഴിഞ്ഞിട്ടും കുട്ടി തിരികെയെത്താത്തതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെയും അധ്യാപികയെയും എറണാകുളത്ത് വച്ച് പിടികൂടി. വൈദ്യ പരിശോധനയിൽ വിദ്യാര്‍ഥിനി പീഡനത്തിനിരയായി എന്നു തെളിഞ്ഞു.
* * *
9-ാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനെതിരെ കോഴിക്കോട് പെരുവണ്ണാമുഴി പൊലീസ് കേസെടുത്തു. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടിയ വിദ്യാർഥിനി, ഡോക്ടറോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്.
* * *
ഹയർസെക്കൻഡറി സ്കൂൾ പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ പ്ലസ്ടു വിദ്യാർഥിനിയെ കടന്നുപിടിച്ച് മാനഭംഗം നടത്തിയ കേസിൽ അധ്യാപകന് ഏഴുവർഷം കഠിനതടവും അരലക്ഷംരൂപ പിഴയും വിധിച്ചു.
മേമുണ്ട ഹയർസെക്കൻഡറി സ്കൂളിലെ ഗണിതവിഭാഗം സീനിയർ അധ്യാപകനായ അഞ്ചുപുരയിൽ ലാലു(45)വിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്‌സോ) ജഡ്ജ് എം. സുഹൈബ് ശിക്ഷിച്ചത്.
2023 ഫെബ്രുവരി 22-ന് മറ്റൊരു സ്കൂളിൽ പരീക്ഷയുടെ ഇൻവിജിലേറ്ററായിരിക്കേ ലാലു വിദ്യാർഥിനിയെ കടന്നുപിടിച്ച് അപമാനിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്നാണ് കേസ്.
* * *
കാസർകോട് കേരള കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം അധ്യാപകൻ ഡോ. ഇഫ്തിഖർ അഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി വിദ്യാർഥിനികൾ. ലൈംഗികാതിക്രമം നടത്തിയ 31 സംഭവങ്ങൾ എടുത്തുപറയുന്ന, ഏഴു പേജുള്ള ദീർഘമായ പരാതിയിൽ ക്ലാസിലെ 41 വിദ്യാർഥികളിൽ 33 പേരും ഒപ്പിട്ടിട്ടുണ്ട്.
അതിനിടെ, ഇഫ്തിഖർ അഹമ്മദ് മുൻപു പഠിപ്പിച്ചിരുന്ന കണ്ണൂരിലെ കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവൺമെന്റ് വനിതാ കോളജിൽവച്ച് ഒരു വിദ്യാർഥിനിയുമായി അതിരുവിട്ട ബന്ധമുണ്ടെന്ന ആരോപണത്തിന്‍റെ പേരിൽ വിവാദത്തിൽപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്.
* * *
കോഴിക്കോട് അത്തോളി കോടശ്ശേരി സ്വദേശി അബ്ദുൾ നാസറിനെ ഏലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത് 5 വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കുറ്റത്തിനാണ്. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പീഡനത്തിന് ഇരയായ വിവരം കുട്ടികൾ അറിയിച്ചത്.
* * *
മാഹിയിൽ എട്ടാം ക്ളാസ് വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച ട്യൂഷൻ സെന്റർ അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു
മാഹി ഭാരതീയാർ റോഡിലെ മണിയമ്പത്ത് ഹൗസിൽ രാധാകൃഷ്ണനെ (62) യാണ് മാഹി സി.ഐ, എ ശേഖറും എസ് ഐ റീന ഡേവിഡും സംഘവും അറസ്റ്റ് ചെയ്തത്.
അധ്യാപകന്റെ വീട്ടിൽ വച്ച് ട്യൂഷൻ ക്ലാസിനിടെ വിദ്യാർത്ഥിനിയെ
അധ്യാപകൻ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതോടെ കുതറിയോടിയ വിദ്യാർത്ഥിനി രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു.
* * *
മടപ്പള്ളി ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പൽ ഓര്‍ക്കാട്ടേരി സ്വദേശി ബാലകൃഷ്ണനെ (53) ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത് പ്ലസ്ടു വിദ്യാർഥിനിക്ക് അശ്ലീല സന്ദേശമയച്ചതിൻ്റെ പേരിലാണ്.
* * *
ചെട്ടികുളങ്ങര ശ്രീഭവനിൽ ശ്രീജിത്ത് എന്ന അദ്ധ്യാപകനെതിരെ പുന്നപ്ര പൊലീസ് കേസെടുത്തത്, സ്കൂളിൽ നിന്നുള്ള വിനോദയാത്രയ്ക്കിടയിലും സ്കൂളിൽവച്ചും വിദ്യാർഥിനികളോടു മോശമായി പെരുമാറി എന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ്. സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി അംഗവും ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷനുമായ ഈ 43കാരനെതിരെ നിരവധി വിദ്യാർഥിനികളാണ് പരാതി നൽകിയത്. ഇയാളെ സസ്പെൻഡ് ചെയ്തതിനു പുറമേ സ്കൂൾ മാനേജ്മെന്റ് രാജിക്കത്തും എഴുതി വാങ്ങി.
* * *
എൻട്രൻസ് പരീക്ഷയിൽ രണ്ടാം റാങ്കുമായാണ് കണ്ണൂർ സ്വദേശിനി തിരുവനന്തപുരം രാജീവ് ഗാന്ധി ഫ്ലൈയിങ് അക്കാദമിയിൽ പൈലറ്റ് ട്രെയിനിയായി എത്തിയത്. പരിശീലനത്തിനിടയിൽ ചീഫ് ഫ്‌ളയിങ് ഓഫീസര്‍ ടി.കെ രാജേന്ദ്രന്‍ ലൈംഗിക അതിക്രമം കാട്ടി എന്ന് പരാതിപ്പെട്ട പെൺകുട്ടിയെ അപ്രതീക്ഷിതമായി ഒരു നാൾ കാണാതാവുന്നു. കുടുംബം പൊലീസിൽ പരാതി നൽകി. ഒടുവിൽ കന്യാകുമാരിയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പരിശീലകനില്‍നിന്ന് ലൈംഗികാതിക്രമം നേരിട്ടതിലുള്ള കടുത്ത മാനസിക സംഘർഷത്തെ തുടർന്നാണത്രേ പെൺകുട്ടി നാടുവിട്ടത്. ഇത് സംബന്ധിച്ച് വലിയതുറ പൊലീസിനും മുഖ്യമന്ത്രിയുടെ ഓഫീസിനും പരാതി നല്‍കിയെങ്കിലും നീതി കിട്ടിയില്ല എന്നാരോപിച്ച് പെണ്‍കുട്ടി ലോകായുക്തയെയും സമീപിച്ചു.
* * *
വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പാലക്കാട് മങ്കര പൊലീസ് അറസ്റ്റു ചെയ്ത സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.വി പ്രദീപ് കുമാർ, പത്തനംതിട്ട സ്വദേശിയായ ഗവേഷക വിദ്യാർത്ഥിയോടു അശ്ലീല ഭാഷയിൽ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്ത പരാതിയിൽ അറസ്റ്റിലായ മാവേലിക്കര സ്വദേശിയായ കോളേജ് അധ്യാപകൻ. ലൈംഗിക അതിക്രമ പരാതിയില്‍ അറസ്റ്റിലായ ചെന്നൈ ‘കലാക്ഷേത്ര’യിലെ മലയാളി അധ്യാപകന്‍ ഷീജിത്ത് കൃഷ്ണ, മലയാളിയായ പൂർവ വിദ്യാർഥിനിയുടെ ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റിലായ ചെന്നൈ കലാക്ഷേത്ര ഫൈൻആർട്‌സിലെ നൃത്താധ്യാപകനായ കൊല്ലം സ്വദേശി ഹരിപത്മൻ…. ഈ ലിസ്റ്റ് അനന്തമായി നീളുകയാണ്.
കേരളത്തിലെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ പീഡിപ്പിക്കപ്പെടുന്ന വാർത്തകൾ പുത്തരിയല്ല. പുറത്ത് വരുന്നതിനേക്കാളധികം പുറത്ത് പറയാത്തതോ ഒതുക്കിത്തീർക്കുന്നതോ ആയ സംഭവങ്ങൾ ഉണ്ട്. തുല്യനീതിക്കും സ്ത്രീ സുരക്ഷയ്ക്കും വേണ്ടി പലരും ശക്തിയുക്തം വാദിക്കുന്നതല്ലാതെ ഒന്നും ഫലപ്രദമാകുന്നില്ല എന്നതാണ് വാസ്തവം.
സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് ആഴ്ചതോറും ഓരോ പദ്ധതികള്‍ പ്രഖ്യാപിക്കുക എന്നതല്ലാതെ സര്‍ക്കാരിന്റേയും പൊലീസിന്റേയും ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടാവുന്നില്ല. ഗാര്‍ഹിക പീഡനം തടയാന്‍ മിസ്ഡ് കോള്‍ അടിച്ചാല്‍ പൊലീസ് വീട്ടില്‍ വന്ന് പരാതി കേട്ട് കേസെടുക്കുമെന്നൊക്കെയുള്ള ബഡായി പ്രഖ്യാപനങ്ങള്‍ എല്ലാം വെറും പാഴ് വാക്കുകളാണ്.
പിങ്ക് ജനമൈത്രി ബീറ്റ്, പിങ്ക് ഷാഡോ, പിങ്ക് റോമിയോ, പിങ്ക് ഡിജിറ്റല്‍ ഡ്രൈവ്, പിങ്ക് ഹോട്ട് സ്‌പോട്ട്, പിങ്ക് കണ്‍ട്രോള്‍ റൂം ഇങ്ങനെ സ്ത്രീ സുരക്ഷക്കായി കാക്കത്തൊള്ളായിരം സംവിധാനങ്ങളുണ്ടെങ്കിലും ഒന്നു പോലും ഫലപ്രദമല്ലെന്നാണ് തുടരെത്തുടരെ ഉണ്ടാവുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്.
വിദ്യാർത്ഥിനികൾ നേരിടുന്ന ലൈംഗിക പീഡനത്തെക്കുറിച്ച് പറയുമ്പോൾ സ്‌കൂളുകളിൽ മാത്രമല്ല, കേരളത്തിലെ മദ്രസകളിലും വിദ്യാർത്ഥികൾ പീഡിപ്പിക്കപ്പെടുന്നു എന്ന വസ്തുത വിസ്മരിക്കാനാവില്ല.