കോഴിക്കോട്: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാബന്ധത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രിക്കു കത്തയച്ച പൊലീസുകാരന് സസ്പെന്ഷന്. കോഴിക്കോട് സ്വദേശിയും പത്തനംതിട്ട ആറന്മുള പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒയുമായ ഉമേഷ് വള്ളിക്കുന്നിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മേലുദ്യോഗസ്ഥരെ മോശമായി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി.
അനുമതി ഇല്ലാതെ മുഖ്യമന്ത്രിക്കു കത്തയച്ചതിന് ഇയാള്‍ക്കെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നടപടി വേഗത്തിലാക്കാന്‍ സ്റ്റേറ്റ് പൊലീസ് മോണിറ്ററിങ് റൂം വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. പത്തനംതിട്ടയില്‍നിന്നും കോഴിക്കോട്ടു നിന്നുമാണ് വിവരങ്ങള്‍ ശേഖരിച്ചത്.
ഗുണ്ടയുടെ വീട്ടില്‍ വിരുന്നിനുപോയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതില്‍ അഭിനന്ദനം അറിയിച്ചുകൊണ്ട് ഉമേഷ് വള്ളിക്കുന്ന് മുഖ്യമന്ത്രിക്ക് മെയില്‍ അയച്ചിരുന്നു. ഏതാനും ദിവസമായി ഈ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
അവസാനത്തെ ഗുണ്ടാവിരുന്നല്ല നടന്നതെന്നും ഇത്തരക്കാര്‍ അനേകംപേര്‍ സേനയ്ക്കകത്തുണ്ടെന്ന് ഡിജിപിയോ മുഖ്യമന്ത്രിയോ അറിയുന്നില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു. കോടതി ഉത്തരവു പ്രകാരം അറസ്റ്റുചെയ്ത കഞ്ചാവ് കേസ് പ്രതിയെ കോടതിയില്‍ ഹാജരാക്കാതെ വീട്ടിലേക്കു പറഞ്ഞുവിട്ട ഉദ്യോഗസ്ഥര്‍ക്കു കീഴിലാണ് താന്‍ ജോലി ചെയ്യുന്നത്. വകുപ്പിലെ ആത്മഹത്യകളുടെ പെരുപ്പം മുഖ്യമന്ത്രി അറിയുന്നുണ്ടോ എന്നും കത്തില്‍ ചോദിച്ചിരുന്നു.