കണ്ണൂര്‍: പൈപ്പ് പൊട്ടി വെള്ളം പാഴാക്കുന്നത് ചോദ്യം ചെയ്തയാളെ അയല്‍വാസികള്‍ അടിച്ചുകൊന്നു. പള്ളിക്കുന്ന് ഇടശേരിയില്‍ അജയകുമാര്‍ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍ക്കാരനായ ദേവദാസിനെയും മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയും കസ്റ്റഡിയിലാണ്.
ഇന്നലെ വൈകിട്ട് ദേവദാസിന്റെ വീട്ടിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് അജയകുമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. രാത്രി എട്ടു മണിയോടെ ഇവര്‍ തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടായി.
ഇതിന്റെ തുടര്‍ച്ചയായി ദേവദാസും മക്കളുമെത്തി വീടിനു മുന്നിലെ റോഡില്‍ വച്ച് ഹെല്‍മറ്റും കല്ലും ഉപയോഗിച്ച് അജയകുമാറിനെ മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച പ്രവീണ്‍കുമാര്‍ എന്നയാള്‍ക്കും പരുക്കേറ്റു. അജയകുമാറിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.