‘ടര്‍ബോ’യുടെ ടൈറ്റില്‍ കാര്‍ഡ് ഉപയോഗിച്ചു; കോക്കിന്റെ ‘കൊരവള്ളി’ക്ക് പിടിച്ച് മമ്മൂട്ടി കമ്പനി
ടര്‍ബോ സിനിമയുടെ ടൈറ്റില്‍ കാര്‍ഡ് ഉപയോഗിച്ച പ്രമുഖ യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ പകര്‍പ്പവകാശ ലംഘനവുമായി മമ്മൂട്ടി കമ്പനി.
ചിത്രത്തിന്റെ റിവ്യൂ വീഡിയോയില്‍ യൂട്യൂബര്‍ ഉപയോഗിച്ച തമ്പ്‌നെയ്ല്‍ ടര്‍ബോ സിനിമയുടെ ഔദ്യോഗിക പോസ്റ്ററായിരുന്നു. ഇതിനെതിരെയാണ് കോപ്പി റൈറ്റ് ലഘനം ചൂണ്ടിക്കാട്ടി മമ്മൂട്ടി കമ്പനി രംഗത്തെത്തിയത്. പിന്നാലെ അശ്വന്ത് കോക്ക് യൂട്യൂബില്‍ നിന്ന് വീഡിയോ നീക്കം ചെയ്യുകയും തമ്പ്‌നെയ്ല്‍ മാറ്റി അതേ വീഡിയോ തന്നെ വീണ്ടും അപ്ലോഡ് ചെയ്യുകയുമായിരുന്നു.
സീറോ തമ്പ്‌നെയ്ല്‍ ഫോര്‍ മമ്മൂട്ടി കമ്പനി എന്ന അടിക്കുറിപ്പോടെയായിരുന്നു യൂട്യൂബര്‍ അടുത്ത വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്.
ആദ്യമായാണ് മമ്മൂട്ടി കമ്പനി ഇത്തരത്തില്‍ ഒരു നടപടി എടുക്കുന്നത്. സംഭവത്തെ കുറിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങളാണ് കമന്റ് ബോക്‌സില്‍ പ്രേക്ഷകര്‍ പങ്കുവെക്കുന്നത്.
കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം ടര്‍ബോ റിലീസായത്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ചിത്രം ഒരു മാസ് ആക്ഷന്‍ എന്റര്‍ടൈനറാണ്. പോക്കിരി രാജ, മധുര രാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ടര്‍ബോ.
രാജ്.ബി.ഷെട്ടി, സുനില്‍ എന്നീ അന്യഭാഷ താരങ്ങളും അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കര്‍, ശബരീഷ് വര്‍മ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.