തിരുവനന്തപുരം: പുതിയ വിവാദത്തോടെ ബാറുകള്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വാങ്ങിയേക്കുമെന്ന് വിവരം. ഡ്രൈ ഡേ വേണ്ടെന്നുള്ള സെക്രട്ടറി തല ശുപാര്‍ശ സര്‍ക്കാര്‍ ഇനി ഗൗരവത്തില്‍ പരിഗണിക്കില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി ബാറുടമ അനിമോന്റെയും, ബാറുടമകളുടെ സംഘടനാ നേതാക്കളുടേയും മൊഴി ഉടന്‍ രേഖപ്പെടുത്തും. എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ ഭീമമായ നഷ്ടം വരുത്തുന്നുവെന്നായിരിന്നു സെക്രട്ടറി തല സമിതിയുടെ കണ്ടെത്തല്‍.
ബാറുകളുടെ പ്രവര്‍ത്തന സമയത്തിലും ഇളവുകള്‍ വേണമെന്ന് ഉദ്യോഗസ്ഥ തല ശുപാര്‍ശ ഉണ്ടായിരിന്നു. ഇത് പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്ത് നടപ്പാക്കാനായിരിന്നു എക്‌സൈസ് വകുപ്പിന്റെ ആലോചന. മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ക്കായി അടുത്ത മാസം മന്ത്രി ബാറുടമകള്‍ അടക്കമുള്ളവരുടെ യോഗം വിളിക്കാനും തീരുമാനിച്ചിരിന്നു. എന്നാല്‍ കോഴയാരോപണത്തോടെ ഇതൊന്നും മുന്നോട്ട് കൊണ്ടുപോവാന്‍ ഇനി സര്‍ക്കാരിനാവില്ല.
മുന്‍പ് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയതിന് സമാന അവസ്ഥയിലേക്ക് എത്തിയേക്കും. അതിനാല്‍, ബാറുകള്‍ക്ക് ഇളവ് നല്‍കണമെന്ന ആശയം മുന്നോട്ട് വച്ചാല്‍ മുന്നണിയില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയരും. അതുകൊണ്ട് ഇളവുകള്‍ നല്‍കാനുള്ള ചിന്ത തല്‍ക്കാലത്തേക്ക് സര്‍ക്കാര്‍ ഉപേക്ഷിക്കും. വിവാദത്തിന് പിന്നാലെ ഇളവുകള്‍ നല്‍കിയാല്‍ ഉയര്‍ന്ന് വന്ന ആരോപണം ശരിയാണെന്ന് സ്ഥാപിക്കാന്‍ പ്രതിപക്ഷത്തിന് വേഗത്തില്‍ കഴിയും.
പ്രത്യേക സംഘത്തെ രൂപീകരിച്ചാകും വിഷയത്തില്‍ അന്വേഷണം നടക്കുക. ജൂണ്‍ പത്തിന് നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് വിവാദത്തിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്തണമെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ പൊലീസിന് നല്‍കിയിട്ടുണ്ട്.