NEWSWorld

കാര്‍ലോ അക്യൂട്ടിസ് വിശുദ്ധപദവിയിലേക്ക്; അകാലത്തില്‍ പൊലിഞ്ഞ കംപ്യൂട്ടര്‍ പ്രതിഭ

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കുന്നതിന് കംപ്യൂട്ടര്‍ പരിജ്ഞാനം ഉപയോഗിച്ച കാര്‍ലോ അക്യൂട്ടിസ് വിശുദ്ധന്മാരുടെ ഗണത്തിലേക്ക്. ലാപ്‌ടോപ്പും സമൂഹമാധ്യമങ്ങളും ജപമാലയും ജീവിതത്തില്‍ സമന്വയിപ്പിച്ച് വിശ്വാസ പ്രചാരണത്തില്‍ പുതിയ പാത തുറന്നശേഷം 15ാം വയസ്സില്‍ അന്തരിച്ച ഈ കംപ്യൂട്ടര്‍ പ്രതിഭയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി തീരുമാനിച്ചു.

കാര്‍ലോയുടെ മധ്യസ്ഥതയില്‍ കോസ്റ്ററിക്കയില്‍ നിന്നുള്ള കൗമാരക്കാരി, ഫ്‌ലോറന്‍സില്‍ വിദ്യാര്‍ഥിയായിരുന്ന വലേറിയയ്ക്ക് അപകടത്തെത്തുടര്‍ന്നുണ്ടായ ഗുരുതരാവസ്ഥയില്‍ നിന്ന് സൗഖ്യം ലഭിച്ചത് രണ്ടാമത്തെ അദ്ഭുതമായി സമിതി അംഗീകരിച്ചു. ബ്രസീലില്‍ ഒരു ബാലന്‍ രോഗസൗഖ്യം നേടിയത് കാര്‍ലോയുടെ മധ്യസ്ഥതയിലാണെന്നു സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്ന് 2020 ഒക്ടോബര്‍ 10നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ഈ നൂറ്റാണ്ടില്‍ കത്തോലിക്കാസഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയവരില്‍ പ്രായം കുറഞ്ഞയാളും ആദ്യ കംപ്യൂട്ടര്‍ പ്രതിഭയുമാണ്.

Signature-ad

ലണ്ടനില്‍ ജനിച്ച് മിലാനില്‍ വളര്‍ന്ന കാര്‍ലോ 11ാം വയസ്സില്‍ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്‌സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിനു തുടക്കമിട്ടത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് സഭ അംഗീകരിച്ച അദ്ഭുതങ്ങള്‍ രേഖപ്പെടുത്തി ശ്രദ്ധേയനായി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 136 വിശ്വാസ അദ്ഭുതങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തി, വെര്‍ച്വല്‍ മ്യൂസിയം സൃഷ്ടിച്ചു. പന്തുകളിയും വിഡിയോ ഗെയിമുകളുമായിരുന്നു ഇഷ്ടം. വെബ്‌സൈറ്റുകള്‍ ഉണ്ടാക്കാന്‍ കംപ്യൂട്ടറിനു മുന്‍പിലെന്നപോലെ മണിക്കൂറുകള്‍ പ്രാര്‍ഥനയ്ക്കും ചെലവിട്ടു. രക്താര്‍ബുദം ബാധിച്ച് 2006 ല്‍ ഒക്ടോബര്‍ 12ന് മരിക്കും വരെ സജീവസാക്ഷ്യം തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടന്ന ലോക യുവജനദിനത്തിന്റെ മധ്യസ്ഥന്‍ കാര്‍ലോ ആയിരുന്നു.

Back to top button
error: