KeralaNEWS

ബാര്‍കോഴ ആരോപണത്തില്‍ മന്ത്രി രാജിവെക്കണമെന്ന് സുധാകരന്‍; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് എം.ബി. രാജേഷ്

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ച് വീണ്ടും ബാര്‍ കോഴ വിവാദം. എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് രാജി വെക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ആവശ്യപ്പെട്ടു. അതിനിടെ, പ്രതിപക്ഷം രാജി ആവശ്യപ്പെടാത്തതെന്താണെന്ന് ആലോചിച്ചിരിക്കുകയായിരുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ് പരിഹസിച്ചു. നിയമസഭ തുടങ്ങാന്‍ പോകുകയല്ലേ, ബാക്കി അവിടെവെച്ച് കാണാമെന്നും എം.ബി. രാജേഷ് പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

‘കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരല്ല ഈ സര്‍ക്കാര്‍. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ ചെയ്തുകൊടുത്ത ആനുകൂല്യങ്ങളും ഇളവുകളുമല്ല കൊടുത്തത്. ഈ സര്‍ക്കാരാണ് കഴിഞ്ഞ മദ്യനയത്തില്‍ ബാര്‍ ലൈസന്‍സ് ഫീസ് ഒറ്റയടിക്ക് അഞ്ചുലക്ഷം രൂപ വര്‍ധിപ്പിച്ചത്. കേരളത്തില്‍ ഇതിനുമുമ്പ് ഒരിക്കലും അങ്ങനെ വര്‍ധിപ്പിച്ചിട്ടില്ല.’ -എം.ബി. രാജേഷ് പറഞ്ഞു.

Signature-ad

‘കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ഉടമകളുടെ ക്രമക്കേടുകള്‍ക്ക് പിഴ ഉണ്ടായിരുന്നോ? ഒന്നാം പിണറായി സര്‍ക്കാരാണ് ബാര്‍ ക്രമക്കേടുകള്‍ക്ക് ആദ്യം പിഴ ഏര്‍പ്പെടുത്തിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ അത് ഗണ്യമായി വര്‍ധിപ്പിച്ചു. കഴിഞ്ഞ ആറുമാസം കൊണ്ട് 52 ബാറുകള്‍ക്കെതിരെ കേസെടുത്തു. 30 എണ്ണത്തിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഈ ശബ്ദരേഖ പുറത്തുവിട്ടയാളുടെ ബാറിലും പരിശോധന നടന്നിട്ടുണ്ടോ എന്ന് എനിക്ക് അറിഞ്ഞൂകൂടാ. കര്‍ശന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിന്റെ അസ്വസ്ഥതയും ഇതില്‍ കാണാം.’

‘അഞ്ചുലക്ഷം ലൈസന്‍സ് ഫീസ് കൂട്ടിയതാണോ ബാറുകള്‍ക്ക് നല്‍കിയ ഇളവ്? മാധ്യമങ്ങളില്‍ കഴിഞ്ഞ ഒരുമാസമായി വാര്‍ത്തകള്‍ വരികയാണ്. അത് വിശ്വസിച്ചാണ് ഇറങ്ങിപ്പുറപ്പെടുന്നതെങ്കില്‍ കര്‍ശനമായ നടപടിയുണ്ടാകും. മദ്യനയവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും സര്‍ക്കാര്‍ നടത്തിയിട്ടില്ല.’ -മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി.

അതേസമയം, സര്‍ക്കാര്‍ അബ്കാരികളുടെ കൈയില്‍ കിടന്നു കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അതിന്റെ കാരണം ജനങ്ങള്‍ ആലോചിച്ചു ഇരുന്നപ്പോഴാണ് ഓഡിയോ ക്ലിപ്പ് പുറത്ത് വരുന്നത്. വിഷയം സബ്ജക്ട് കമ്മിറ്റിയില്‍ വന്നപ്പോള്‍ തന്നെ പ്രതിപക്ഷം എതിര്‍ത്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് പോലും മനഃപൂര്‍വം മറച്ചുവയ്ക്കുന്നുവെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

 

Back to top button
error: