തൃശൂര്‍: ജയില്‍ മോചിതനായതിന്റെ ആഹ്ലാദം പങ്കുവയ്ക്കാന്‍ ഗുണ്ടാപ്പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ഗുണ്ടാത്തലവനടക്കം ഇരുപതോളം ക്രിമിനലുകളെ പൊലീസ് വിളിച്ചുവരുത്തി കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി. ഗുണ്ടാത്തലവന്‍ കുറ്റൂര്‍ അനൂപ്, കാപ്പ കാലാവധി കഴിഞ്ഞു പുറത്തിറങ്ങിയ 2 ഗുണ്ടകള്‍, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നു മോചിതരായവര്‍ എന്നിവരടക്കമാണ് അറസ്റ്റിലായത്.
സിആര്‍പിസി 151ാം വകുപ്പു പ്രകാരം ഇവരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇവരിലാരും നിലവില്‍ പൊലീസ് തിരയുന്നവരല്ല എന്നതിനാല്‍ താക്കീതിന്റെ സ്വഭാവത്തില്‍ കസ്റ്റഡിയിലെടുക്കാനേ നിയമം അനുവദിക്കുന്നുള്ളൂ.
4 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം കഴിഞ്ഞ മാസം 13നാണ് അനൂപ് മോചിതനായത്. തിരഞ്ഞെടുപ്പിനു പിന്നാലെ കഴിഞ്ഞ 28നു കുറ്റൂരില്‍ അനൂപ് പാര്‍ട്ടി സംഘടിപ്പിച്ച വിവരം അറിഞ്ഞിരുന്നുവെന്നാണു പൊലീസ് വിശദീകരണം.
പാര്‍ട്ടി നടക്കുമ്പോള്‍ പൊലീസ് എത്തുന്ന ദൃശ്യം ഗുണ്ടകള്‍ പ്രചരിപ്പിച്ച റീലില്‍ കാണാം. ബന്ധുവിന്റെ മരണസമയത്തു താന്‍ ജയിലിലായിരുന്നുവെന്നും തിരിച്ചെത്തിയപ്പോള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി ഭക്ഷണം നല്‍കുന്ന ചടങ്ങാണിതെന്നും അനൂപ് വിശദീകരിച്ചതോടെ പൊലീസ് മടങ്ങുകയായിരുന്നു. സംഭവ സ്ഥലത്തു മദ്യം വിതരണം ചെയ്യുന്നില്ലെന്നും സ്ത്രീകളടക്കം പങ്കെടുക്കുന്നുണ്ടെന്നും അനൂപ് പറഞ്ഞിരുന്നു.
എന്നാല്‍, മദ്യക്കുപ്പികള്‍ ചുമന്നുകൊണ്ടുപോകുന്ന ദൃശ്യം റീലില്‍ കാണാം. ദൃശ്യങ്ങള്‍ സൂക്ഷ്മമായി പൊലീസ് പരിശോധിച്ചപ്പോഴാണു പങ്കെടുത്തവരില്‍ ഇരുപതോളം പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നു വ്യക്തമായത്. കാപ്പ പ്രകാരം കരുതല്‍ തടങ്കല്‍ കഴിഞ്ഞിറങ്ങിയവര്‍, ഗുണ്ടകള്‍, ലഹരിമരുന്നു കേസിലെ പ്രതികള്‍ തുടങ്ങിയവര്‍ പാര്‍ട്ടിക്കെത്തിയിരുന്നു.