കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പ്രതിയെ കേരളത്തില്‍ നിന്ന് കടത്താന്‍ അടുത്ത ബന്ധുക്കലും കൂട്ടു നിന്നു. ഇതിനിടെ നവവധുവിന്റെ മൊഴിയുടെ സമ്പൂര്‍ണ വിവരങ്ങള്‍ പുറത്തു വന്നു. അതിനിടെ രാഹുല്‍ വിദേശത്തേക്ക് കടന്നുവെന്നും ഏതാണ്ട് ഉറപ്പായി. ഭര്‍ത്താവ് തന്നെ ആദ്യമായി മര്‍ദ്ദിച്ചത് പന്ത്രണ്ടാം തീയതി പുലര്‍ച്ചെയാണെന്നാണ് മൊഴി. മറ്റൊരു യുവതിയെ രജിസ്റ്റര്‍ മാരീജ് ചെയ്തത് മറച്ചു വച്ച് രണ്ടാം വിവാഹം ചെയ്ത വില്ലനാണ് രാഹുല്‍. രാഹുലിന്റെ സംശയ രോഗത്തെ വിശദീകരിക്കുന്നതാണ് യുവതിയുടെ മൊഴി. അതിനിടെ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇടപെടുകയാണ്. സര്‍ക്കാരിനോട് രാജ്ഭവന്‍ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടി.
പെണ്‍കുട്ടിയുടെ മൊഴിയില്‍ രാഹുലിന്റെ അമ്മയ്ക്കെതിരേയും ഗുരുതര ആരോപണമുണ്ട്. ഭര്‍തൃമാതാവും സുഹൃത്തും ഭര്‍ത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു. തുടര്‍ന്ന് എന്നെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ചു. മദ്യം കഴിച്ച് ശീലമില്ലാത്തതിനാല്‍ ഞാന്‍ ഛര്‍ദിച്ചു. എന്നെ മര്‍ദ്ദിക്കുമ്പോള്‍ തൊട്ടടുത്ത മുറികളില്‍ പോലും ആളുകള്‍ ഉണ്ടായിരുന്നു. ആരും വന്ന് തിരക്കിയില്ല. കോഴിക്കോട് ബീച്ചില്‍ വച്ച് ഭര്‍തൃ മാതാവ് തന്നോട് സംസാരിക്കുന്നില്ല എന്ന് പരാതി പറഞ്ഞിരുന്നു. ഇക്കാര്യം കൂടി പറഞ്ഞാണ് എന്നെ പന്ത്രണ്ടാം തീയതി പുലര്‍ച്ചെ മര്‍ദ്ദിച്ചത്. രാഹുലിന് കൂടുതല്‍ സ്ത്രീധനത്തിന് അര്‍ഹതയുണ്ട് എന്ന് പറഞ്ഞു. ഇനി എന്തെങ്കിലും കൂടി തരുമോ എന്ന് ചോദിച്ചുവെന്നും മൊഴിയുണ്ട്.
വിവാഹ ദിവസം തന്നെ തന്റെ ഫോണ്‍ വാങ്ങി വെച്ചുവെന്നും തനിക്ക് സുഹൃത്തുക്കള്‍ അടക്കം അയച്ച മെസ്സേജുകള്‍ കൈകാര്യം ചെയ്തത് ഭര്‍ത്താവാണെന്നും യുവതി പറഞ്ഞു. മുന്‍പ് വിവാഹാലോചന വന്ന യുവാവ് അയച്ച സന്ദേശവും ഭര്‍ത്താവ് ചോദ്യം ചെയ്തു. ഈ സന്ദേശത്തിന്റെ കാര്യം പറഞ്ഞു തന്നെ മര്‍ദ്ദിച്ചുവെന്നും തന്നെ മര്‍ദ്ദിച്ച വിവരമറിഞ്ഞിട്ടും മാതാവ് ഒന്നും തിരക്കിയില്ലെന്നും യുവതി നല്‍കിയ എട്ട് പേജുള്ള മൊഴിയില്‍ പറയുന്നു. അതിനിടെയാണ് രാജ്ഭവനും കേസില്‍ ഇടപെടുന്നത്. പ്രതി രാഹുല്‍ വിദേശത്തേക്ക് കടന്നുവെന്ന വസ്തുതയും സജീവ ചര്‍ച്ചകളിലുണ്ട്.
വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം പെണ്‍കുട്ടിയെ കാണാന്‍ പോകുന്നതില്‍ തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. വിഷയം സംസാരിക്കേണ്ടിവരുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതി രാഹുല്‍ പി ഗോപാലിനായുള്ള അന്വേഷണം വിദേശത്തേക്കും നീങ്ങുന്നുണ്ട്. രാഹുല്‍ നിലവില്‍ സിംഗപ്പൂരിലേക്ക് കടന്നെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. ഇരയുടെയും കുടുംബത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും. കേസില്‍ ലഭ്യമായ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
ഇതിനിടെ കേസില്‍ പ്രതി രാഹുലിന്റെ കുടുംബാംഗങ്ങളെ ഫറോക് പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കും. മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികളും പൊലീസ് ഉടന്‍ പൂര്‍ത്തിയാക്കും. ക്രിമിനല്‍ നടപടിക്രമം 164 അനുസരിച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്താനുള്ള അപേക്ഷ പൊലീസ് ഉടന്‍ നല്‍കും. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാവും അപേക്ഷ നല്‍കുക.
മെയ് അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് ‘സ്നേഹതീര’ത്തില്‍ രാഹുല്‍ പി. ഗോപാലും (29) ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹിതരായത്. രാഹുല്‍ ജര്‍മനിയില്‍ എന്‍ജിനീയറും യുവതി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. വിവാഹാനന്തരച്ചടങ്ങായ അടുക്കള കാണലിന് ഞായറാഴ്ച യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ മുഖത്തും കഴുത്തിലുമായി മര്‍ദനമേറ്റ പാടുകള്‍ കണ്ടത്. അന്വേഷിച്ചപ്പോഴാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. ഞായറാഴ്ച തന്നെ യുവതിയെ ബന്ധുക്കള്‍ പറവൂരിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
സംഭവം വിവാദമായതോടെ രാഹുലിനെതിരേ കഴിഞ്ഞദിവസമാണ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍കൂടി ചുമത്തിയത്. പെണ്‍കുട്ടിയുടെ പരാതി സ്വീകരിക്കുന്നതില്‍ വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യുകയും ചെയ്തു. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എ.എസ്. സരിനെതിരെയാണ് നടപടി. കേസിലെ അന്വേഷണച്ചുമതല ഫറോക്ക് എ.സി.പി.ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.