IndiaNEWS

ആന്ധ്രയില്‍ എന്‍.ഡി.എയ്ക്ക് നേട്ടം, തെലങ്കാനയില്‍ ബി.ആര്‍.എസ്. തളരും; നാലാംഘട്ടത്തിലെ സാധ്യതകള്‍ പ്രവചിച്ച് യോഗേന്ദ്ര യാദവ്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് മേധാവിത്വമുള്ള നാലാംഘട്ടത്തിന്റെ ഫലം എന്‍.ഡി.എ.ക്കും ഇന്ത്യസഖ്യത്തിനും നിര്‍ണായകം. ആന്ധ്ര, തെലങ്കാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ പ്രാദേശികപ്പാര്‍ട്ടികളാണ് രാഷ്ട്രീയഗതി നിശ്ചയിക്കുക. എന്നാല്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ എന്‍.ഡി.എ.യ്ക്കും ഇന്ത്യസഖ്യത്തിനുമാണ് പ്രാധാന്യം.

നാലാംഘട്ടത്തില്‍ ആന്ധ്രയില്‍ എന്‍.ഡി.എ.സഖ്യം മുന്‍തൂക്കം നേടുമെന്നും തെലങ്കാനയില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും ഒപ്പത്തിനൊപ്പമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകനായ ഡോ. യോഗേന്ദ്ര യാദവ് പറയുന്നത്. ഉത്തര്‍പ്രദേശിലെ 13 സീറ്റുകളും ബി.ജെ.പി. നിലനിര്‍ത്തുമെന്നും അദ്ദേഹം പറയുന്നു.

Signature-ad

ആന്ധ്രയില്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസിനെ അട്ടിമറിച്ച് തെലുഗുദേശം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ. സഖ്യം വിജയം നേടുമെന്നാണ് സൂചന. ടി.ഡി.പി., നടന്‍ പവന്‍ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേനാ പാര്‍ട്ടി, ബി.ജെ.പി. എന്നിവരാണ് എന്‍.ഡി.എ.യിലുള്ളത്. ലോക്‌സഭയിലേക്ക് 20 സീറ്റുകളും നിയമസഭയിലേക്ക് 120-130 സീറ്റുകളും നേടാനാകുമെന്നാണ് സഖ്യത്തിലെ നേതാക്കളുടെ കണക്ക്. 20 ശതമാനമുള്ള കാപ്പു സമുദായമാണ് പവന്‍കല്യാണിന്റെ പാര്‍ട്ടിയുടെ അടിത്തറ.

തെലങ്കാനയില്‍ ബി.ആര്‍.എസിന് നാലാംഘട്ടം കനത്ത ക്ഷീണമാകുമെന്നാണ് സൂചന. ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള പോരിന്റെ പ്രതീതിയാണ് സംസ്ഥാനത്തുള്ളത്. ഗ്രാമീണമേഖലയില്‍ കോണ്‍ഗ്രസും നഗരമേഖലയില്‍ ബി.ജെ.പി.യുമാണ് മുന്‍തൂക്കം നേടിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബി.ആര്‍.എസിന് ലഭിച്ച മുസ്ലിം വോട്ടര്‍മാരുടെ പിന്തുണ ഇക്കുറി കോണ്‍ഗ്രസിനായിരിക്കും. ഹൈദരാബാദ് മണ്ഡലം മജ്‌ലിസ് നേതാവ് അസദുദ്ദീന്‍ ഒവൈസി നിലനിര്‍ത്തും. ബി.ആര്‍.എസിന്റെ പിന്തുണ ഒവൈസിക്കാണ്. കൈവശമുള്ള ഒമ്പത് സീറ്റുകളില്‍ രണ്ടെണ്ണമെങ്കിലും നിലനിര്‍ത്താനാണ് ബി.ആര്‍.എസിന്റെ ശ്രമം.

ഉത്തര്‍പ്രദേശില്‍ 13 സീറ്റുകളിലാണ് നാലാംഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ഇവ ബി.ജെ.പി. നിലനിര്‍ത്താനാണ് സാധ്യത. മഹാരാഷ്ട്രയിലെ 11 സീറ്റുകളില്‍ ഏഴുസീറ്റുകള്‍ ബി.ജെ.പി.യും രണ്ടുസീറ്റുകള്‍ എന്‍.ഡി.എ.യിലെ മറ്റു കക്ഷികളും നേടിയേക്കാം. ഇന്ത്യസഖ്യത്തിനും മറ്റുള്ളവര്‍ക്കും ഓരോ സീറ്റുകള്‍ക്കാണ് സാധ്യത. ബിഹാറില്‍ ബി.ജെ.പി.ക്ക് നിലവില്‍ മൂന്നുസീറ്റുകളുണ്ട്. ഇതില്‍ ഒരു സീറ്റ് ഇത്തവണ നഷ്ടപ്പെട്ടേക്കാം. ബി.ജെ.പി.ക്ക് രണ്ടും എന്‍.ഡി.എ.യിലെ മറ്റ് കക്ഷികള്‍ക്ക് രണ്ടും സീറ്റുകള്‍ ലഭിക്കും. ഇന്ത്യ സഖ്യത്തിന് ഒരു സീറ്റിന് സാധ്യതയുണ്ട്.

 

Back to top button
error: