കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളിലായി സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകൾ പ്രവര്‍ത്തിക്കുന്നതായി പൊലീസ് കണ്ടെത്തി. പരിശോധനയില്‍ കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് തൃക്കാക്കര സ്വദേശി നജീബിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വിദേശത്തു നിന്നും വരുന്ന ടെലിഫോള്‍ കോളുകള്‍ ടെലികോം വകുപ്പ് അറിയാതെ ഉപഭോക്താക്കള്‍ക്ക് എത്തിക്കുയാണ് ചെയ്യുന്നത്. നഗരത്തില്‍ സമാന്തര എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി ടെലികോം വകുപ്പ് നല്കിയ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന. തൃക്കാക്കരയ്ക്ക് സമീപം ജഡ്ജി മുക്കിലെ വാടക കെട്ടിടത്തിലും കൊച്ചി നഗരത്തിലെ ഒരു ഫ്ളാറ്റിലും പ്രവർത്തിച്ചിരുന്ന ടെലിഫോണ്‍ എക്സ്ചേഞ്ചുകളാണ് പോലീസ് കണ്ടെത്തിയത്.
തൃക്കാക്കരയില്‍ നിന്നും ഒരു കംപ്യൂട്ടറും രണ്ടു മോഡവും അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തു. തൃക്കാക്കര സ്വദേശി നജീബിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ആണ് ടെലഫോൺ എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്.
തൊടുപുഴ വണ്ണപ്പുറം സ്വദേശി റസാഖ് മുഹമ്മദ് ആണ് ഇവിടെ സ്ഥാപനം നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട്, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. കൊച്ചിയിലെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയിലും വിവിധ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മുറിയില്‍ ഉണ്ടായിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് ചോദ്യം ചെയ്യുകയാണ്.
വിദേശത്തു നിന്നും വരുന്ന ടെലിഫോണ്‍ കോളുകള്‍ ഇന്‍ര്‍നെറ്റ് സഹായത്തോടെ ലോക്കല്‍ നമ്പറില്‍ നിന്നും ലഭിക്കുന്ന തരത്തിലേക്ക് മാറ്റുകയാണ് ഇവര്‍ ചെയ്തിരുന്നത്. ഏത് രാജ്യത്തു നിന്നുള്ള വിളിയാണെന്നു പോലും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളക്കടത്തിനും ഉപയോഗിച്ചോ എന്നു പോലും സംശയിക്കുന്നു. ഒപ്പം ഓരോ അന്താരാഷ്ട്ര കോളിനും സര്‍ക്കാരിന് ലഭിക്കേണ്ട നികുതിയും ടെലികോം കമ്പനികള്‍ക്ക് ലഭിക്കേണ്ട പ്രതിഫലവും നഷ്ടമാകും. പിടിച്ചെടുത്ത കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.