ആലുവയിലും ഗുണ്ടാ വിളയാട്ടം, മാധ്യമപ്രവര്‍ത്തകയുടെ വീട് അടിച്ച് തകര്‍ത്തു
ആലുവയില്‍ മാധ്യമപ്രവര്‍ത്തകയുടെ വീട് ആറംഗ ഗുണ്ടാസംഘം തല്ലിതകർത്തു. കലാകൗമുദി റിപ്പോര്‍ട്ടര്‍ ജിഷാ ബാബുവിൻ്റെ വീടാണ് തകര്‍ത്തത്. വീട്ടു മുറ്റത്തുണ്ടായിരുന്ന ഇരു ചക്ര വാഹനങ്ങളും തല്ലി തകര്‍ത്തു.
പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകുന്നതിനിടെ രണ്ടാമതും ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആലുവ മാധവപുരം കോളനിയിലെ താമസക്കാരായ 5 പേർ പൊലീസ് പിടിയിലായി.
ആലുവ തായിക്കാട്ടുകര ശ്രീനാരായണപുരം കാട്ടൂപ്പറമ്പിൽ ബാബുവിന്റെ വീട്ടിൽ ആറംഗ സംഘം ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ആദ്യ ആക്രമണം നടത്തിയത്. ബാബു വിദേശത്താണ്. ഭാര്യ ജിഷ ബാബുവും ഇളയമകൻ വിപിനും സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നില്ല. മൂത്തമകൻ ജിതിൻ മുകൾ നിലയിൽ വാതിൽ പൂട്ടിയിട്ടിരുന്നതിനാലാണ് ആക്രമണത്തിന് ഇരയാകാതിരുന്നത്.
കഴിഞ്ഞ മാസം 27ന് രാത്രി 10 മണിയോടെ ബാബുവിന്റെ ജ്യേഷ്ഠൻ ജയനെ (60) സമീപത്ത് വാടകക്ക് താമസിക്കുന്ന പട്ടേരിപ്പുറം സ്വദേശി രാഹുൽ അകാരണമായി മർദ്ദിച്ചു. വീടിന്റെ വരാന്തയിലിരുന്ന് പുകവലിക്കുമ്പോൾ രാഹുൽ ബീഡി ചോദിച്ചെത്തി. ഇല്ലെന്ന് പറഞ്ഞപ്പോൾ തള്ളിവീഴ്ത്തി മർദ്ദിച്ചു. കരച്ചിൽകേട്ട് ബാബുവിന്റെ മക്കളും അയൽവാസികളും ഓടിയെത്തി. പ്രതിയെ ബലം പ്രയോഗിച്ച് പിടിച്ചുമാറ്റി. തുടർന്ന് ജയൻ ആലുവ പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതിക്കെതിരെ നടപടിയെടുത്തില്ല.
ഇതിന്റെ തുടർച്ചയായിട്ടാണ് വീണ്ടും ആക്രമണം നടന്നത്.
വീടിന്റെ നാലുവശത്തെയും ജനൽ ഗ്ളാസുകൾ പൂർണമായി തകർത്തു. വീട്ടുമുറ്റത്തിരുന്ന 4 ഇരുചക്ര വാഹനങ്ങളും തകർത്തു. മുൻവശത്തെ വാതിലും തകർത്ത് അകത്ത് കടന്ന പ്രതികൾ കിടപ്പുമുറിയിലെ മേശയിൽ നിന്നും 1.25 ലക്ഷത്തോളം രൂപയും രണ്ട് മോതിരവും കവർന്നതായി ജിഷ ബാബു പറഞ്ഞു. കലാകൗമുദി ആലുവ ലേഖികയായ ജിഷാ ബാബു മഹിളാ കോൺഗ്രസ് ആലുവ ബ്ളോക്ക് സെക്രട്ടറി കൂടിയാണ്.
സംഭവവുമായി ബന്ധപ്പെട്ട് മാധവപുരം കോളനി നിവാസികളായ രാഹുൽ, ജ്യോതിഷ്, രാജേഷ്, മെൽബിൻ, രജ്ഞിത്ത് എന്നിവരെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞയാഴ്ച്ചയുണ്ടായ മർദ്ദനത്തിൽ പ്രതികൾക്കെതിരെ നടപടിയെടുക്കുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണ് തുടർ ആക്രമണത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്.