ബിയര്‍ പ്രേമികളെ അറിഞ്ഞിരിക്കൂ: കിഡ്നി സ്റ്റോൺ, പ്രമേഹം തുടങ്ങി ഗുരുതരമായ പല രോഗങ്ങളും ബിയർ ക്ഷണിച്ചു വരുത്തും
പുറത്ത് വെയിൽ തിളയ്ക്കുന്നു. പൊള്ളുന്ന ചൂടാണ്. പുറത്തു മാത്രമല്ല ഉള്ളിലും ചൂടാണ്. അസഹനീയമായ ഈ ചൂടിൽ നിന്നും രക്ഷ തേടിയാണ് ശീതീകരിച്ച ബാറിൽ കയറി ഒരു ബിയറിന് ഓർഡർ നൽകിയത്. പക്ഷേ കഴിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ഒന്നറിഞ്ഞിരുന്നാൽ നന്ന്… ബിയര്‍ അപകടകാരിയാണ്. ഈ പാനിയം ശരീരത്തിന് വരുത്തുന്ന ദോഷങ്ങൾ ചില്ലറയല്ല.
യുവാക്കള്‍ക്കിടയില്‍ ബിയര്‍ കുടിക്കുന്ന ശീലം ഇപ്പോള്‍ വ്യാപകമായിട്ടുണ്ട്. ബിയർ മദ്യമല്ലെന്ന ധാരണയിലാണ് പലരും ഒറ്റ ഇരിപ്പിന് രണ്ടും മൂന്നും ബോട്ടിൽ വരെ തട്ടുന്നത്.. ബിയര്‍പാര്‍ലറുകളിലും ബിവറേജസ് ഔട്ട്‌ലെറ്റുകളിലും തണുപ്പിച്ച ബിയര്‍ ലഭ്യമാണ്. എന്നാല്‍ ബിയര്‍ ശരീരത്തിന് തീരെ നല്ലതല്ല. ഇതില്‍ അടങ്ങിയിരിക്കുന്ന ക്രിസ്റ്റലുകള്‍ കിഡ്നികളില്‍ കല്ലുണ്ടാക്കുന്നതിനു കാരണമാകും. വീര്യം കുറവാണ്, ആല്‍ക്കഹോളിന്റെ അളവ് വളരെ കുറച്ചേയുള്ളൂ എന്നതെല്ലാമാണ് ബിയറിന് സ്വീകാര്യത കൂട്ടാന്‍ കാരണം.
മദ്യമെന്നതുപോലെ തന്നെ ധാരാളം ദൂഷ്യഫലങ്ങള്‍ ചെയ്യുന്ന ഒന്നാണ് ബിയറും. അമിതമായ ബിയര്‍ ഉപയോഗം പ്രമേഹസാധ്യത കൂട്ടുമെന്നാണ് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. ടൈപ് 2 പ്രമേഹത്തിന്റെ പ്രധാന കാരണമാണ് ശരീരത്തിലെ ഇന്‍സുലിന്റെ പ്രവര്‍ത്തന ശേഷി കുറയുന്നത്. അമിതമായ ബിയര്‍ ഉപയോഗം ഇന്‍സുലിനോടുള്ള ശരീരത്തിന്റെ പ്രതികരണശേഷി (സെന്‍സിറ്റിവിറ്റി) കുറയ്ക്കുന്നു. സ്ഥിരമായ ബിയര്‍ ഉപയോഗം മൂലം വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നു. അടിവയറ്റിലെ ഈ കൊഴുപ്പിനെ വിസെറല്‍ കൊഴുപ്പ് എന്ന് വിളിക്കുന്നു. ഇത് ശരീരത്തിന് വളരെ ദോഷകരമാണ്.