KeralaNEWS

വൈക്കം, കുമരകം, തിരുവാര്‍പ്പ് മേഖലകളിലെ ഉയര്‍ന്ന പോളിങ്; കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി ജയിക്കുമെന്ന് സൂചന

കോട്ടയം:ഈഴവ സമുദായാഗംങ്ങള്‍ കൂടുതലുളള വൈക്കം, കുമരകം, തിരുവാര്‍പ്പ് മേഖലകളിലെ ഉയര്‍ന്ന പോളിങ് ബി.ഡി.ജെ.എസിന് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി ജയിക്കുമെന്നും ബിജെപി.

മണ്ഡലത്തില്‍ രണ്ടര ലക്ഷം വോട്ട് എന്‍.ഡി.എ പിടിച്ചാല്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് കേന്ദ്ര മന്ത്രിസ്ഥാനവും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്.

Signature-ad

എന്‍.ഡി.എയുടെ എ ക്ലാസ് മണ്ഡലമല്ലെങ്കിലും കോട്ടയത്ത് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനു പ്രതീക്ഷകളേറെയാണ്. ജെ.പി നദ്ദയടക്കമുള്ള നേതാക്കള്‍ തുഷാറിനായി പ്രചാരണത്തിനെത്തിയിരുന്നു. ബി.ഡി.ജെ.എസ്. നേതൃത്വത്തിന്റെ കണക്കു പ്രകാരം ബി.ജെ.പി വോട്ടുകള്‍ക്കൊപ്പം ബി.ഡി.ജെ.എസ്. പിടിക്കുന്ന ഈഴവ വോട്ടുകളും ചേര്‍ത്താല്‍ ഇക്കുറി രണ്ടര ലക്ഷത്തോളം വോട്ടുകള്‍ എന്‍.ഡി.എയുടെ പെട്ടിയില്‍ വീഴുമെന്നാണ്.

ഇതില്‍ കുറവു വന്നാലും രണ്ടു ലക്ഷത്തോളം വോട്ടുകള്‍ തുഷാറിനു ലഭിക്കുമെന്നു ബി.ജെ.പിയും കരുതുന്നുണ്ട്. പ്രതീക്ഷിക്കുന്ന വോട്ടുകള്‍ തുഷാര്‍ പിടിച്ചാല്‍ എന്‍.ഡി.എ കേന്ദ്ര മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം തുഷാറിനു ബി.ജെ.പി കേന്ദ്ര നേതൃത്വം ഉറപ്പു നല്‍കിയിട്ടുണ്ടെന്നാണു ബി.ഡി.ജെ.എസ്. നേതൃത്വങ്ങളില്‍ നിന്നു പുറത്തുവരുന്ന വിവരം.

അതേ സമയം പ്രതീക്ഷിച്ച വോട്ടുകള്‍ തുഷാര്‍ നേടിയില്ലെങ്കില്‍ ബി.ജെ.പി -ബി.ഡി.ജെ.എസ് നേതൃത്വങ്ങളില്‍ വന്‍ പൊട്ടിത്തെറിയാകും സംഭവിക്കുകയെന്നുറപ്പാണ്. മികച്ച പ്രചാരണമാണു മണ്ഡലത്തില്‍ നടന്നതെന്നു പറയുന്നുണ്ടെങ്കിലും പലയിടങ്ങളിലും സ്ഥാനാര്‍ഥിക്കായി വോട്ട് ചോദിച്ച്‌ എത്താന്‍ പോലും ആരും ഉണ്ടായിരുന്നില്ലെന്ന ആക്ഷേപവും ഉണ്ടായിരുന്നു. ബി.ജെ.പിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളും താഴെത്തട്ടില്‍ നിര്‍ജീവമായിരുന്നെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എസ്.എന്‍.ഡി.പി യൂനിയന്‍ നേതാക്കളും പരോക്ഷമായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടപെടുത്തിയിരുന്നു. ഇത് എത്രത്തോളം ഫലം കണ്ടുവെന്നപോലെയിരിക്കും ബി.ഡി.ജെ.എസ്. – എസ്.എന്‍ഡി.പി യൂണിയന്‍ നേതാക്കളുടെ ഭാവി.

Back to top button
error: