മുംബൈ: സാമൂഹിക മാധ്യമങ്ങളിലെ ഫലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ക്ക് ലൈക്കടിച്ചതിന് മുംബൈയില്‍ മുന്‍നിര സ്‌കൂളിലെ പ്രിന്‍സിപ്പലിനെ പുറത്താക്കി. വിദ്യാവിഹാര്‍ ഭാഗത്തെ സോമയ്യ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പര്‍വീണ്‍ ഷെയ്ഖിനെയാണ് പുറത്താക്കിയത്.
മേയ് രണ്ടിന് ഇവരോട് രാജിവെക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം പുറത്താക്കിക്കൊണ്ടുള്ള കത്ത് നല്‍കി.
പര്‍വീണിന്റെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടല്‍ വിദ്യാഭ്യാസ സ്ഥാപനം പുലര്‍ത്തുന്ന മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പറഞ്ഞു. ആശങ്കകളുടെ ഗൗരവം കണക്കിലെടുത്തും സൂക്ഷ്മമായ പരിശോധനകള്‍ക്ക് ശേഷവും അവരെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ തങ്ങള്‍ ശക്തമായി പിന്തുണക്കുന്നുണ്ട്. എന്നാല്‍, അത് ഉത്തരവാദിത്തതോടെ വിനിയോഗിക്കണമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ പ്രിന്‍സിപ്പല്‍, പിരിച്ചുവിടല്‍ നിയമവിരുദ്ധവും അനാവശ്യവും രാഷ്ട്രീയ പ്രേരിതവുമാണെന്നും ആരോപിച്ചു. നിയമ വ്യവസ്ഥയിലും ഇന്ത്യന്‍ ഭരണഘടനയിലും തനിക്ക് ഉറച്ചവിശ്വാസമുണ്ട്. സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ നിയമപരാമയ മാര്‍ഗങ്ങള്‍ ആലോചിക്കുമെന്നും അവര്‍ പറഞ്ഞു.
12 വര്‍ഷമായി പര്‍വീണ്‍ സ്‌കൂളില്‍ ജോലി ചെയ്യുന്നുണ്ട്. ഏഴ് വര്‍ഷം മുമ്പാണ് പ്രിന്‍സിപ്പലായി ചുമതലയേല്‍ക്കുന്നത്.