എം എം ഹസ്സന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറാന്‍ വൈകിയത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് കെ സുധാകരന്‍. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഒരു അനിശ്ചിതത്വവും ഉണ്ടാക്കിയില്ല, എം എം ഹസ്സന്‍ ചുമതല കൈമാറാന്‍ ഇന്ദിര ഭവനില്‍ എത്തിയിരുന്നില്ല. അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിൽ എംഎം ഹസ്സൻ എത്താത്തതിലുള്ള നീരസം സുധാകരൻ പരസ്യമാക്കി.
ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നുവെന്ന് താൻ കരുതുന്നുവെന്നും എന്നാൽ ആവശ്യമില്ലായെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും എന്നുമായിരുന്നു പ്രതികരണം.
മാറിനിന്നപ്പോൾ അധ്യക്ഷ സ്ഥാനത്തുനിന്നും ഒഴിവാക്കാനുള്ള നീക്കം നടന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘ആരേ എന്നെയോ, നിങ്ങൾക്ക് എന്നെ ഇപ്പോഴും മനസ്സിലായിട്ടില്ല അല്ലേ, സ്ഥാനാർഥിയാക്കി പറഞ്ഞയക്കാൻ പറ്റുന്ന ഒരാളല്ല താനെന്ന് എല്ലാവർക്കും അറിയാം’ എന്ന് സുധാകരൻ മറുപടി നൽകി.
സ്ഥാനാർഥി ആയപ്പോൾ അധ്യക്ഷസ്ഥാനം ഒഴിഞ്ഞത് ആലപ്പുഴയിൽ മത്സരിച്ച എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് ബാധകമല്ലേ എന്ന ചോദ്യത്തിന്, അല്ല എന്നായിരുന്നു സുധാകരന്റെ മറുപടി. മത്സരിക്കുന്നതുകൊണ്ടല്ല താൻ മാറ്റപ്പെട്ടത്. കെപിസിസി അധ്യക്ഷനായ ഒരാൾ സ്ഥാനാർഥിയാകുന്നതും അല്ലാത്തൊരാൾ സ്ഥാനാർഥിയാകുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അതിനാൽ അത് താരതമ്യം ചെയ്യുന്നതിൽ യുക്തി ഇല്ല. കേരളത്തിലെ മൊത്തം കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സ്ഥാനാർഥിത്വം നിരീക്ഷിക്ഷിക്കുകയും തിരുത്തുകയും ചെയ്യേണ്ട ആളാണ് താൻ. എന്റേത് ഒരു പോസ്റ്റല്ല, വേണുഗോപാലിന്റേത് ഒരു പോസ്റ്റാണ്. മുഴുവൻ നോക്കേണ്ട കൂട്ടത്തിൽ കേരളം അദ്ദേഹത്തിന് നോക്കിയാൽ മതി, കെ സുധാകരന്‍ വ്യക്തമാക്കി.
ഇടക്കാല പ്രസിഡന്റായിരുന്ന എം.എം ഹസ്സന്‍ എടുത്ത തീരുമാനങ്ങളില്‍, പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്ത ആളുകളെ തിരിച്ചെടുത്തത് ഉൾപ്പടെയുള്ളവ പുനപരിശോധിക്കും. കണ്ണൂരില്‍ 100 ശതമാനം വിജയം ഉറപ്പാണ്. കണ്ണൂരില്‍ വിജയിച്ചാല്‍ രണ്ട് ചുമതലകളും ഒന്നിച്ചു കൊണ്ടു പോകണമോ എന്നത് ആലോചിക്കും. എല്ലാ നേതാക്കളും തന്റെ ഒപ്പം ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹം. പ്രതിപക്ഷ നേതാവ് ബഹുമുഖ വൈഭവമുള്ളയാളാണ്. പാര്‍ട്ടി പറഞ്ഞാല്‍ എന്തും വിട്ടുകൊടുക്കും. കീഴ് വഴക്കങ്ങളുടെ ഭാഗമായിട്ടാണ് താന്‍ ഇവിടെ ഇരിക്കുന്നത്.
വഴിയോരത്ത് നില്‍ക്കുമ്പോഴാണ് പലരും മുഖ്യമന്ത്രിയുടെ വിദേശയാത്ര അറിഞ്ഞത്. എന്തിനാണ് ഇത്ര രഹസ്യാത്മകത. പകരം ചുമതല പോലും നല്‍കാതെയുള്ള യാത്ര എന്തിനാണ്. സ്വന്തം പാര്‍ട്ടിയോട് പോലും കൂറ് പുലര്‍ത്താത്ത വ്യക്തിയാണ് പിണറായി വിജയന്‍.
യാത്രയുടെ ചിലവ് എങ്ങനെയെന്ന് അന്വേഷിക്കുമെന്നും സുധാകരന്‍ പറഞ്ഞു. എഐസിസി പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണിയെ വീട്ടില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് കെ.സുധാകരൻ ഇന്ദിരഭവനില്‍ എത്തിയത്.