ന്യൂഡൽഹി: വന്ദേഭാരതില്‍ യാത്രക്കാർക്കു നല്കി വന്നിരുന്ന വെള്ളത്തിന്റെ ഒരു ലിറ്റർ കുപ്പി ഇനി ഉണ്ടാകില്ല. പകരം അര ലിറ്ററിന്റെ വെള്ളക്കുപ്പി ആയിരിക്കും ഇനിമുതല്‍ ലഭിക്കുക.
കൂടുതല്‍ വെള്ളം വേണ്ടവർക്ക് അര ലിറ്റർ വെള്ളത്തിന്റെ കുപ്പി കൂടി നല്‍കും. ജലം പാഴാക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്നാണ് വിശദീകരണം.
കുടിവെള്ളത്തിന്റെ അനാവശ്യമായ ഉപയോഗം കുറയ്ക്കുന്നതിനാണ് ഇത്തരത്തില്‍ ഒരു നടപടി സ്വീകരിക്കുന്നതെന്ന് ഉത്തര റെയില്‍വേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ദീപക് കുമാർ പറഞ്ഞു. വന്ദേഭാരത് ട്രെയിനില്‍ ചെറിയ ദൂരത്തില്‍ ആയിരിക്കും കൂടുതല്‍ യാത്രക്കാരും സഞ്ചരിക്കുന്നത്. അവർക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്നതും 500 മില്ലി ലിറ്ററിന്റെ വെള്ളക്കുപ്പി ആയിരിക്കും. അതുകൂടി പരിഗണിച്ചാണ് റെയില്‍വേ ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.