യുവാവിനെ പ്രണയ കെണിയില്‍ പെടുത്തി പണവും സ്വര്‍ണ്ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം 4 പ്രതികള്‍ പൊലീസ് പിടിയിലായി. കൊല്ലം ചവറ പയ്യലക്കാവ് ത്രിവേണിയില്‍ മാളു എന്ന ജോസ്ഫിന്‍ (28), ചവറ ഇടത്തുരുത്ത് നഹാബ് മന്‍സിലില്‍ നഹാബ് (30), ചവറ മുകുന്ദപുരം അരുണ്‍ഭവനത്തില്‍ അപ്പു എന്ന അരുണ്‍(28), പാരിപ്പള്ളി മീനമ്പലത്ത് അരുണ്‍(30) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
ശക്തികുളങ്ങര സ്വദേശിയായ യുവാവിനെ ഒന്നാം പ്രതിയായ മാളു എന്ന ജോസ്ഫിന്‍ ഫോണിൽ വിളിച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു. പിന്നീട് തന്റെ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് യുവാവിനെ കൊല്ലം താലൂക്കാഫീസിന് സമീപമുള്ള രഹസ്യ കേന്ദ്രത്തിലേയ്ക്ക് വിളിച്ചു വരുത്തി.
ഇവിടെ എത്തിയ യുവാവിനെ പ്രതികള്‍ 4 പേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ഫോണും സ്വര്‍ണ്ണ മോതിരവും കവരുകയുമായിരുന്നു. യുവാവിന്റെ പാരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഈസ്റ്റ് പൊലീസ് പ്രതികളെ കണ്ടെത്തി പിടികൂടുകയായിരുന്നു.
ഒന്നാം പ്രതിയായ യുവതിക്കെതിരെ മയക്കുമരുന്ന് വില്പന അടക്കം പല കേസുകളും നിലവിലുണ്ട്. കൊല്ലം എ.സി.പി അനുരൂപ്, ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ ഹരിലാല്‍, എസ്.ഐമാരായ ദില്‍ജിത്ത്, ഡിപിന്‍, ആശാ ചന്ദ്രന്‍ എ.എസ്.ഐ സതീഷ്‌കുമാര്‍ തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.