കൊച്ചി: തനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഇപി ജയരാജനെ വെല്ലുവിളിച്ച് ടിജി നന്ദകുമാര്‍. ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് കൂടി പരാതി നല്‍കാന്‍ തയ്യാറായാല്‍ അഭിനന്ദിക്കുമെന്നും നന്ദകുമാര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോടും മാധ്യമങ്ങളോടും വെളിപ്പെടുത്തേണ്ടതായി വരും. പറഞ്ഞ കാര്യങ്ങള്‍ നിഷേധിക്കാന്‍ ഇപിക്ക് കഴിയില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.
2016 ല്‍ ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി തന്നെ ഫോണില്‍ ബന്ധപ്പെട്ട് സഹായം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തനാവില്ല. പാപിയോടൊപ്പം ശിവന്‍ ചേര്‍ന്നാല്‍ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് തന്നെ കുറിച്ചല്ലെന്നും ശോഭാ സുരേന്ദ്രനെയോ കെ സുധാകരനെയോ ആവാമെന്നും നന്ദകുമാര്‍ പറഞ്ഞു.
തന്നെ സിപിഎമ്മിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചതായി ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഓഫര്‍ സ്വീകരിക്കാന്‍ ഞാന്‍ പറഞ്ഞിരുന്നു. ശോഭ സാമ്പത്തികമാണ് പ്രതീക്ഷിച്ചതെന്നും അതു കൂടി പരിഹരിക്കപ്പടണമെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും നന്ദകുമാര്‍ ആരോപിച്ചു.
ശോഭാ സുരേന്ദ്രനെതിരെ രണ്ടു പരാതികളാണ് നന്ദകുമാര്‍ ഡിജിപിക്ക് നല്‍കിയിട്ടുള്ളത്. ശോഭാ സുരേന്ദ്രനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള ഗൂഡാലോചന നടത്തിയിട്ടുണ്ടോയെന്നും ശോഭാ തനിക്കെതിരെ നുണപ്രചരണം നടത്തുന്നതിലും അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ പ്രകാശ് ജാവദേക്കറടക്കമുള്ള കേന്ദ്ര നേതാക്കളുടെ മൊഴിയെടുക്കേണ്ടി വരുമെന്നും നന്ദകുമാര്‍ പറഞ്ഞു.