കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള പരിശീലകനാണ് നാല്‍പ്പത്താറുകാരനായ ഇവാൻ വുകോമനോവിച്ച്. 43.42 ശതമാനമാണ് ഇവാന്‍റെ ശിക്ഷണത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ വിജയം. ബ്ലാസ്റ്റേഴ്സ് ആരാധകർ ആശാൻ എന്ന് വിശേഷിപ്പിച്ച രണ്ടാമത്തെ മാത്രം പരിശീലകനായിരുന്നു ഇവാൻ എന്നതും ശ്രദ്ധേയം.
2016 സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലകനായിരുന്ന സ്റ്റീവ് കോപ്പലായിരുന്നു ആശാൻ എന്ന വിളിപ്പേര് ആദ്യം സ്വന്തമാക്കിയത്. കോപ്പലും ഇവാനും ബ്ലാസ്റ്റേഴ്സിനെ ഐഎസ്‌എല്‍ ഫൈനലില്‍ എത്തിച്ച പരിശീലകരാണെന്നതും ശ്രദ്ധേയം. 41.18 ആയിരുന്നു കോപ്പലിന്‍റെ ശിക്ഷണത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ വിജയ ശതമാനം.
2021 ജൂണിലാണ് വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുഖ്യപരിശീലകനായി ചുമതലയേല്‍ക്കുന്നത്. ആദ്യ സീസണില്‍ത്തന്നെ ടീമിനെ ഫൈനലില്‍ എത്തിച്ചു. അതോടെ ആശാൻ എന്ന വിളിപ്പേര് വുകോമനോവിച്ചിന് ആരാധകർ സമ്മാനിച്ചു. 2016ല്‍ ബ്ലാസ്റ്റേഴ്സിനെ ഫൈനലില്‍ എത്തിച്ച സ്റ്റീവ് കോപ്പലിനുശേഷം ആശാൻ എന്ന വിളിപ്പേര് ലഭിച്ച പരിശീലകനാണ് വുകോമനോവിച്ച്.
2021-22 സീസണില്‍ ഫൈനലില്‍ തോറ്റെങ്കിലും 2016ന് ശേഷം മികച്ച പ്രകടനമായിരുന്നു ടീം നടത്തിയത്. 2021-22 സീസണില്‍ ക്ലബ്ബിന്‍റെ ചരിത്രത്തില്‍ ഒരു സീസണിലെ ഉയർന്ന പോയിന്‍റ്, ഏറ്റവും കൂടുതല്‍ ഗോള്‍, തോല്‍വി അറിയാതെ തുടർച്ചയായി കൂടുതല്‍ മത്സരങ്ങള്‍ തുടങ്ങിയ നേട്ടങ്ങള്‍ ഇവാന്‍റെ ശിക്ഷണത്തില്‍ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. 2022-23, 2023-24 സീസണുകളില്‍ പ്ലേ ഓഫ് എലിമിനേറ്ററില്‍ തോറ്റാണ് ബ്ലാസ്റ്റേഴ്സ് പുറത്തായത്.
ടീമിന്‍റെ വളർച്ചയ്ക്കായി കഴിഞ്ഞ മൂന്ന് വർഷം ഇവാൻ വുകോമനോവിച്ച് ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ് പറഞ്ഞു. ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലബ്ബിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ തീരുമാനങ്ങളില്‍ ഒന്നാണെന്നാണ് ഇവാനുമായുള്ള വഴിപിരിയലിനെ ബ്ലാസ്റ്റേഴ്സ് ഡയറക്ടർ നിഖില്‍ ബി. നിമ്മഗദ്ദ വിശേഷിപ്പിച്ചത്.
ഐഎസ്‌എല്ലില്‍ 2023-24 സീസണില്‍ സെമി കാണാതെ പുറത്തായതിന് പിന്നാലെയാണ് വുകോമനോവിച്ചുമായി ബ്ലാസ്റ്റേഴ്സ് വഴിപിരിഞ്ഞത്.
2025വരെ കരാർ നിലനില്‍ക്കേയാണ് ഇവാൻ വുകോമനോവിച്ചുമായുള്ള ബന്ധം ബ്ലാസ്റ്റേഴ്സ് വേർപെടുത്തിയത് എന്നതാണ് ശ്രദ്ധേയം. മൂന്ന് സീസണിലും ബ്ലാസ്റ്റേഴ്സിനെ ഒരു കിരീടത്തില്‍പോലും എത്തിക്കാൻ ഇവാനു സാധിക്കാത്തതാണ് തീരുമാനത്തിനു പിന്നില്‍. 2023-24 സീസണില്‍ ഒരുഘട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തായിരുന്നു. പിന്നീട് നിരന്തരം തോല്‍വി വഴങ്ങി ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് പതിച്ചു. ഒടുവിൽ സെമി കാണാതെ പുറത്താക്കുകയും ചെയ്തു.
ഇവാൻ വുകോമനോവിച്ചിന്‍റെ ശിക്ഷണത്തില്‍ ബ്ലാസ്റ്റേഴ്സ്
മത്സരം: 76
ജയം: 33
സമനില: 14
തോല്‍വി: 29
വഴങ്ങിയ ഗോള്‍: 105
അടിച്ച ഗോള്‍: 115
ഗോള്‍ വ്യത്യാസം: +10
വിജയ ശതമാനം: 43.42